കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഏകദേശം 1200 കോടി രൂപയുടെ വികസന പദ്ധതികളിലൂടെ വലിയ മാറ്റങ്ങൾക്ക് സാക്ഷിയായി. അടിസ്ഥാന സൗകര്യങ്ങളിലും ചികിത്സാ സംവിധാനങ്ങളിലുമുള്ള വിപുലീകരണങ്ങൾ മെഡിക്കൽ കോളേജിനെ സംസ്ഥാനത്തെ ആരോഗ്യ രംഗത്ത് മുൻനിരയിൽ എത്തിച്ചിരിക്കുകയാണ്.
കോട്ടയം മെഡിക്കൽ കോളേജിൽ 10 പുതിയ പദ്ധതികളാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കിഫ്ബിയുടെ കീഴിൽ 257 കോടി രൂപ ചെലവിൽ നിർമ്മിച്ച സർജിക്കൽ ബ്ലോക്കാണ്. 33,642 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ ബ്ലോക്കിൽ 526 കിടക്കകൾ, 44 ഐസിയു കിടക്കകൾ, 14 മോഡുലാർ ഓപ്പറേഷൻ തിയേറ്ററുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതോടൊപ്പം 256 സ്ലൈസ് സി.ടി. സ്കാൻ, 3 ടെസ്ല എംആർഐ, ആധുനിക ഡിജിറ്റൽ റേഡിയോഗ്രാഫി മെഷീൻ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക ചികിത്സാ ഉപകരണങ്ങളും സർജിക്കൽ ബ്ലോക്കിൽ സജ്ജീകരിച്ചിരിക്കുന്നു.




