ചെന്നൈ: നടൻ ധനുഷിന്റെ പ്രസംഗം രാഷ്ട്രീയ പ്രവേശന ചർച്ചകൾക്ക് വഴിവെക്കുന്നു. ആരാധകരോട് സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാകാൻ ആഹ്വാനം ചെയ്തുള്ള ധനുഷിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ആരാധകർ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധനുഷ്. സിനിമാ ആഘോഷങ്ങൾക്കപ്പുറം ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി ക്ഷേമ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ആരാധകരോട് ആവശ്യപ്പെട്ടു.
ഒരുമിച്ച് നിൽക്കുന്ന വലിയൊരു കൂട്ടായ്മയ്ക്ക് വലിയ ശക്തിയുണ്ടെന്നും അത് നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കണമെന്നും ധനുഷ് പറഞ്ഞു. സ്വന്തം പ്രദേശത്തെ ആളുകളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് സാധിക്കുന്ന സഹായങ്ങൾ ചെയ്യണമെന്നും അദ്ദേഹം ആരാധകരോട് അഭ്യർഥിച്ചു.
ധനുഷിന്റെ പ്രസംഗം വൈറലായതോടെ നടൻ രാഷ്ട്രീയത്തിലേക്ക് എത്തുമോ എന്ന ചർച്ചകൾ ശക്തമായി. നടൻ വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നതിന് മുമ്പ് സാമൂഹിക സേവന സംഘടനയിലൂടെ പ്രവർത്തനങ്ങൾ നടത്തിയതും ഇതുമായി താരതമ്യം ചെയ്യപ്പെടുന്നുണ്ട്.
അതേസമയം, തന്റെ ചിത്രം ‘റായൻ’ ദേശീയ പുരസ്കാരം നേടിയതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്കും ധനുഷ് മറുപടി നൽകി. മുമ്പ് പുറത്തിറങ്ങിയ പല ചിത്രങ്ങൾക്കും ദേശീയ പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അന്ന് പിന്തുണ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.




