ന്യൂഡൽഹി: ജന്തർമന്തറിൽ കഴിഞ്ഞ പത്തുദിവസമായി നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളിലെ സാഹചര്യങ്ങളിൽ ദുഃഖം രേഖപ്പെടുത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ദേശീയ താത്പര്യം മുൻനിർത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജിക്കത്ത് നൽകിയതെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.
രണ്ട് പേജുള്ള രാജിക്കത്തിൽ രാജ്യത്തെ വിദ്യാർത്ഥികളെയും യുവാക്കളെയും അഭിസംബോധന ചെയ്താണ് ധർമേന്ദ്ര പ്രധാൻ തന്റെ തീരുമാനം വ്യക്തമാക്കിയത്. ജന്തർമന്തറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നിലനിൽക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്താണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യം രാജ്യവിരുദ്ധ ശക്തികൾ മുതലെടുക്കരുതെന്നും രാജ്യത്തിന്റെ ഐക്യം സംരക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർത്ഥികളുടെ ഭാവി നീണ്ട നിയമപോരാട്ടങ്ങളിൽ കുടുങ്ങരുതെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
കഴിഞ്ഞ മേയ് 3ന് നടന്ന നീറ്റ് പരീക്ഷയിൽ ക്രമക്കേടുകൾ ആരോപിക്കപ്പെട്ടതിനെ തുടർന്ന് കേന്ദ്രസർക്കാർ അന്വേഷണം സി.ബി.ഐക്ക് കൈമാറിയിരുന്നു. തുടർന്ന് പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്താനും അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ രീതി (CBT) നടപ്പാക്കാനും തീരുമാനിച്ചിരുന്നു.
എന്നാൽ നീറ്റ് ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഡൽഹിയിൽ ശക്തമായ പ്രതിഷേധം തുടരുകയായിരുന്നു. രാജ്യത്തെ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഭാവി സംരക്ഷിക്കാനാണ് സ്ഥാനമൊഴിയുന്നതെന്ന് ധർമേന്ദ്ര പ്രധാൻ പറഞ്ഞു. തനിക്ക് നൽകിയ പിന്തുണയ്ക്ക് പ്രധാനമന്ത്രിയോടും അദ്ദേഹം നന്ദി അറിയിച്ചു.


