വാഹനത്തിന് പിഴയുണ്ടെന്നു കാണിച്ച് വാട്‌സ്ആപ്പിലൂടെ ലഭിക്കുന്ന സന്ദേശം തട്ടിപ്പാണെന്നും ഇതിൽ വീഴരുതെന്നും മുന്നറിയിപ്പുമായി കേരള പൊലീസ്. ഇത്തരം തട്ടിപ്പിൽ വീഴുന്ന ആളുകളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് പൊലീസ് മുന്നറിയിപ്പ് നൽകിയത്. ‘വാഹനത്തിന് പിഴയുണ്ടെന്ന് കാണിച്ച് ഇത്തരത്തിലൊരു സന്ദേശം നിങ്ങളുടെ വാട്‌സ്ആപ്പിൽ ലഭിച്ചോ? തട്ടിപ്പിന്റെ മറ്റൊരു മുഖമാണത്. മെസ്സേജിലെ വാഹന നമ്പറും മറ്റു വിവരങ്ങളും നിങ്ങളുടേതു തന്നെയായിരിക്കും. വരുന്ന സന്ദേശത്തോടോപ്പം പരിവാഹൻ എന്നപേരിൽ വ്യാജ ആപ്പോ, ലിങ്കോ ഉണ്ടാകും. അതിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ഫോണിൽ നിന്നും ഡാറ്റയോ, ബാങ്ക് വിവരങ്ങളോ നഷ്ടമാകാൻ ഇടയുണ്ട്. ദയവായി ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുക.’ -പൊലീസ് സമൂഹമാധ്യമങ്ങളിൽ മുന്നറിയിപ്പ് നൽകി.
നിങ്ങളുടെ വ്യക്തിവിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പുകാർ മെസ്സേജ് അയക്കുക. നിങ്ങളുടെയും വാഹനത്തിന്റെയും കൃത്യമായ വിവരങ്ങൾ അതിലുണ്ടായിരിക്കും. എന്തിനാണ് പിഴയെന്നും എത്ര രൂപ പിഴയടക്കണമെന്നും ഉണ്ടാകും. നിയമലംഘനത്തിന്റെ ഫോട്ടോ കാണാനും പിഴയടക്കാനും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ എന്നാണ് മെസ്സേജിൽ പറയുക. ഇതിൽ ക്ലിക്ക് ചെയ്യുന്നതോടെ തട്ടിപ്പുകാരുടെ ആപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാളാകും. ഫോൺ തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാവുകയും അക്കൗണ്ടിൽ നിന്ന് പണം പോവുകയും ചെയ്യുമെന്നും പൊലീസ് ഓർമിപ്പിക്കുന്നു.






