കാസർകോട്: കാസർകോട് കാഞ്ഞങ്ങാട് അമ്പലത്തറയ്ക്ക് സമീപം പറക്കളായി വെള്ളൂടയിൽ പുലിയിറങ്ങി. പശു ഫാമിൽ നിന്നുള്ള രണ്ടാഴ്ച പ്രായമുള്ള പശുക്കുട്ടിയെ കടിച്ചുകൊണ്ടുപോയി കൊന്നു. വെള്ളൂട ദുർഗ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ഫാമിലാണ് സംഭവം.
ഫാമിൽ നിന്നു കൊണ്ടുപോയ പശുക്കുട്ടിയുടെ ശരീരാവശിഷ്ടങ്ങൾ ഒരു കിലോമീറ്റർ അകലെയുള്ള കാട്ടുപ്രദേശത്ത് കണ്ടെത്തി. രാത്രിയിൽ പശുക്കളുടെ അസ്വാഭാവിക ബഹളം കേട്ടതോടെയാണ് പുലിയുടെ ആക്രമണമെന്നാണ് സംശയം ഉയർന്നത്. ഫാമിന്റെ മതിൽ ചാടിയാണ് പുലി അകത്ത് കടന്നതെന്നാണ് കരുതുന്നത്. മതിലിനരികിൽ ചോരപ്പാടുകളും പുലിയുടെ കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്.
കാഞ്ഞങ്ങാട് സ്വദേശി സുരേഷ് നമ്പ്യാരുടെ ഫാമിലാണ് പുലിയെത്തിയത്. ഇവിടെ ഏകദേശം 40 പശുക്കളുണ്ട്. ഇതേ ഫാമിൽ 2010ലും പുലി കയറിയിരുന്നു. അന്ന് നാട്ടുകാരുടെ പരാതിയെ തുടർന്ന് വനപാലകർ കൂട് വെച്ച് പുലിയെ പിടികൂടിയിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പും പ്രദേശത്ത് പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു. സമീപത്തെ ഒരു വീട്ടുവളപ്പിൽ പതിവായി പുലിയെത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിലും പതിഞ്ഞിരുന്നു. വീണ്ടും പുലിസാന്നിധ്യം സ്ഥിരീകരിച്ചതോടെ വനപാലകർ പ്രദേശത്ത് തിരച്ചിൽ ശക്തമാക്കി.






