മലപ്പുറം: ദേശീയപാതയിലെ വള്ളുവമ്പ്രം മുസ്ലിയാർപീടികയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കൊണ്ടോട്ടി മേലങ്ങാടി സ്വദേശി ഷിബിൽ റഹ്‌മാൻ (26) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് എം.വി. ആഷിഖ് (24) ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു അപകടം. വെള്ളൂരിലെ സുഹൃത്തിന്റെ വിവാഹവീട്ടിലേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഷിബിലും ആഷിഖും ഒരു ബൈക്കിലും മറ്റൊരു സുഹൃത്ത് വേറൊരു ബൈക്കിലുമായിരുന്നു യാത്ര. മുസ്ലിയാർപീടികയിൽ എത്തിയപ്പോൾ മുന്നിലുണ്ടായിരുന്ന തമിഴ്നാട് ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന കാറിൽ ബൈക്ക് ഇടിച്ചു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്കിൽ നിന്ന് തെറിച്ചുവീണ ഷിബിൽ ബസിനടിയിലേക്ക് വീഴുകയായിരുന്നു.
അപകടത്തിന് പിന്നാലെ നാട്ടുകാർ ഇരുവരെയും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷിബിലിന്റെ ജീവൻ രക്ഷിക്കാനായില്ല. വിവാഹവീട്ടിൽ സന്തോഷത്തിനിടെയായിരുന്നു ഷിബിലിന്റെ മരണവാർത്ത എത്തിയത്. വിവാഹവീട്ടിലേക്ക് വെറും മൂന്ന് കിലോമീറ്റർ മാത്രം ബാക്കി നിൽക്കെയായിരുന്നു അപകടം നടന്നത്. കരിപ്പൂർ വിമാനത്താവളത്തിലെ കരാർ ജീവനക്കാരനായിരുന്നു ഷിബിൽ റഹ്‌മാൻ. മാതാവ് മൈമൂന. സഹോദരങ്ങൾ ഷബീൽ, സാഹിൽ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് മേലങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.






