തിരുവനന്തപുരം : ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്താനാണു ചരിത്രത്തെ വർത്തമാനകാലത്ത് ചിലർ വളച്ചൊടിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ചരിത്ര കോൺഗ്രസിന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രത്യേക മതവിഭാഗത്തിനു മാത്രമേ രാജ്യത്തെ സംരക്ഷിക്കാൻ കഴിയൂ എന്ന പ്രതീതി ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ചു സൃഷ്ടിക്കുകയാണ്. ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ എന്ന മുദ്രാവാക്യം സാക്ഷാത്കരിക്കാനുള്ള ഉപാധിയായി വിദ്യാഭ്യാസത്തെ മാറ്റുന്നു.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന ജാത്യാധിക്ഷേപത്തിൽ ആത്മഹത്യ ചെയ്യുന്നവരുടെയും പഠനം നിർത്തുന്നവരുടെയും എണ്ണം കൂടിയെന്നും അദ്ദേഹം പറഞ്ഞു. കെഎച്ച്സി പ്രസിഡന്റ് പ്രഫ.വി.കാർത്തികേയൻ നായർ അധ്യക്ഷനായിരുന്നു. വി.കെ.പ്രശാന്ത് എംഎൽഎ, ഡോ.വി.ഉമ ജ്യോതി, ഡോ.ടി.മുഹമ്മദാലി, റോബിൻസൺ ജോസ്,ഡോ.കെ.സ്വപ്നകുമാർ എന്നിവർ പ്രസംഗിച്ചു. ഡോ. റോബിൻസൺ ജോസിന്റെ ‘മനുഷ്യാവകാശ പോരാട്ടങ്ങളും ചട്ടങ്ങളും എന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശിപ്പിച്ചു.




