വേനൽക്കാലം കടുക്കുന്നതോടെ ദാഹം തീർക്കാൻ ഭൂരിഭാഗം പേരും ഫ്രിഡ്ജിൽ വെച്ച ഐസ് വെള്ളമോ തണുത്ത പാനീയങ്ങളോ കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. പുറത്തെ കഠിനമായ ചൂടിൽ നിന്ന് വീട്ടിലെത്തിയ ഉടനെ ഒരു ഗ്ലാസ് തണുത്ത വെള്ളം കുടിക്കുന്നത് വലിയ ആശ്വാസമായി തോന്നാം. എന്നാൽ, ഈ ശീലം അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ ഇത് ശരീരത്തിന് വലിയ പണി തരും.
വെള്ളത്തിന്റെ താപനില ദഹനരസങ്ങളുടെ സാധാരണ പ്രവർത്തനത്തെ തടസപ്പെടുത്തുകയും ശരീരത്തിലെ ‘ദോഷ’ങ്ങളുടെ സന്തുലിതാവസ്ഥ തെറ്റിക്കുകയും ചെയ്യും. വേനൽക്കാലത്ത് കടുത്ത ചൂട് കാരണം നമ്മുടെ ദഹനം നേരത്തേ തന്നെ മന്ദഗതിയിലായിരിക്കും. കൂടാതെ, തണുത്ത വെള്ളവും മറ്റ് തണുത്ത പാനീയങ്ങളും രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും ദഹനസമയത്ത് പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യും.
അമിതമായി തണുത്ത വെള്ളം കുടിക്കുന്നത് തൊണ്ടയ്ക്കും പണികൊടുക്കും. തൊണ്ടവേദനയോ നീർവീക്കമോ ആയിരിക്കും ഫലം. കൂടാതെ, തണുത്ത വെള്ളം കുടിക്കുന്നത്, പ്രത്യേകിച്ച് ഭക്ഷണത്തിന് ശേഷം, തൊണ്ടയിൽ കഫം വർധിപ്പിക്കാൻ ഇടയാക്കും
തണുത്ത വെള്ളം രക്തക്കുഴലുകൾ ചുരുങ്ങാൻ കാരണമാകുന്നു. ഇത് തൊണ്ടയിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും അണുബാധകൾ ഭേദമാകുന്ന പ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യും. ഇത് ഗ്യാസ് , വയറുവേദന , മലബന്ധം തുടങ്ങിയ അസ്വസ്ഥതകളിലേക്ക് നയിക്കാം




