കോഴിക്കോട്: ഫറോക്കിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തിനതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ. മരിച്ച അതുല്യയിൽ നിന്ന് സുഹൃത്തായ യുവതി സ്വർണവും പണവും കൈപ്പറ്റിയിട്ടുണ്ടെന്നും, അത് തിരികെ നൽകാതിരുന്നതിനെ തുടർന്ന് അതുല്യ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ സുഹൃത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
സുഹൃത്തുമായുണ്ടായ സാമ്പത്തിക ഇടപാടുകൾ വിശദമായി അന്വേഷിക്കണമെന്നും കുടുംബം നൽകിയ പരാതിയിൽ പറയുന്നു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. എന്നാൽ, സുഹൃത്തിനെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകാനൊരുങ്ങുന്നതായി കുടുംബം വ്യക്തമാക്കി.




