ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ഹെബ്ബാൾ സമീപം സഞ്ജീവിനി നഗരത്തിലെ വാടകവീട്ടിൽ താമസിച്ചിരുന്ന മേഘാലയ സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊടിഗേഹള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
മേഘാലയയിലെ ടാങ്മാങ് സ്വദേശിനിയായ കോങ് അഗത ബാ ഇത്തിയാൻഗുൻ ഖോങ്‌വെറ്റ് (34) ആണ് മരിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി മണിപ്പൂർ സ്വദേശിയായ നവാസ് ഷരീഫിനൊപ്പം ലിവ്-ഇൻ ബന്ധത്തിൽ താമസിച്ചു വരികയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് 7 മുതൽ 7.30 വരെ സമയത്തിനിടയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ദമ്പതികൾക്കിടയിൽ നേരത്തെ തന്നെ തർക്കങ്ങൾ ഉണ്ടായിരുന്നതായാണ് പൊലീസിന്റെ വിവരം. ഫോൺ സംഭാഷണങ്ങളെച്ചൊല്ലിയുണ്ടായ സംശയമാണ് അവസാനത്തെ വാക്കേറ്റത്തിന് കാരണമായതെന്ന് കരുതുന്നു. സംഭവദിവസം നവാസ് ഷരീഫ് വീട്ടിൽ നിന്ന് പുറത്ത് പോയതിന് പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
മരണകാരണം സ്ഥിരീകരിക്കാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണ്. നവാസ് ഷരീഫിനെ ചോദ്യം ചെയ്തുവരികയാണെന്നും മറ്റ് സാധ്യതകളും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ബെംഗളൂരു കെ.എസ്.യു യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് അന്വേഷണം തുടരണമെന്നും സംഘടന ആവശ്യപ്പെട്ടു.




