പാലക്കാട്: അട്ടപ്പാടി പാലൂരിൽ പരിക്കേറ്റ കാട്ടാനയെ ചികിത്സിക്കാനുള്ള ശ്രമത്തിനിടെ ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർക്ക് പരിക്ക്. കാട്ടാനയെ മയക്കുവെടിവെക്കാൻ ശ്രമിക്കുമ്പോൾ ആന പാഞ്ഞടുത്തതിനെ തുടർന്ന് ഡോ. ഡേവിഡ് ഏബ്രഹാം വീണ് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ഏകദേശം 10 വയസ്സുള്ള പിടിയാനയുടെ മുൻവശത്തെ വലതുകാലിലാണ് പരിക്ക് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് മയക്കുവെടിവെക്കാൻ ശ്രമിച്ചെങ്കിലും ആന കൂട്ടത്തിലേക്ക് ചേർന്നതിനാൽ ദൗത്യം താത്കാലികമായി നിർത്തിവച്ചു. ശനിയാഴ്ച വീണ്ടും ശ്രമം തുടരാനാണ് തീരുമാനം.
ബുധനാഴ്ച രാത്രിയിലാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ മുടന്തി നടന്ന ആനയെ പുതൂർ ഫോറസ്റ്റ് ദ്രുതപ്രതികരണ സംഘം ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് മണ്ണാർക്കാട് ഡി.എഫ്.ഒ. സി. അബ്ദുൽ ലത്തീഫ്, ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. ഡേവിഡ് ഏബ്രഹാം, അട്ടപ്പാടി റേഞ്ച് ഓഫീസർ എൻ. സഫീർ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു.
വെള്ളിയാഴ്ച രാവിലെ പാലൂർ വനമേഖലയിൽ നടത്തിയ പരിശോധനയ്ക്കിടെ കരിവടം മേഖലയിൽ ആനയെ കണ്ടെത്തി. തുടർന്ന് പടക്കം പൊട്ടിച്ച് ആനയെ തുറസ്സായ സ്ഥലത്തേക്ക് കൊണ്ടുവന്ന് മയക്കുവെടിവെക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആന പാഞ്ഞടുത്തത്. ഡോക്ടർ മയക്കുവെടിവെക്കാൻ ശ്രമിക്കുന്നതിനിടെ ആന ആക്രമിക്കാൻ എത്തിയെങ്കിലും പിന്നീട് പിൻതിരിഞ്ഞ് കൂട്ടത്തിലേക്ക് ചേർന്നു. മുറിവിന്റെ ആഴം വ്യക്തമല്ലെങ്കിലും നിലവിൽ ആനയ്ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് അധികൃതർ അറിയിച്ചു.






