ബെംഗളൂരു: പി.യു.സി പരീക്ഷയിൽ പരാജയപ്പെട്ടതിന് പിന്നാലെ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഉയരുന്നു. ഹെബ്ബാളിലെ മനോരായണപാളയ സ്വദേശിനിയായ തനുശ്രീ (17) യെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് തനുശ്രീയുടെ പിതൃവീട്ടുകാർ രംഗത്തെത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പെൺകുട്ടിയുടെ മാതാവ് പൊലീസിനെ വിവരം അറിയിച്ചത് രാത്രി പത്ത് മണിയോടെയായിരുന്നു. ഈ വൈകിപ്പിക്കൽ സംശയം വർധിപ്പിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു.
പി.യു.സി പരീക്ഷയിൽ പരാജയപ്പെട്ടതിനാലാണ് മകൾ ആത്മഹത്യ ചെയ്തതെന്നാണ് മാതാവ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. രാത്രി പത്തു മണിയോടെ മാതാവും മറ്റു നാലുപേരും ചേർന്ന് തനുശ്രിയെ കയറിൽ നിന്ന് താഴെയിറക്കി ബന്ധുക്കളെ വിവരം അറിയിച്ചത്.
പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം മരണം വ്യാഴാഴ്ച ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെയാണുണ്ടായത്. വെള്ളിയാഴ്ച പുറത്തുവന്ന ഈ റിപ്പോർട്ടിനെ തുടർന്ന് മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ വീണ്ടും രംഗത്തെത്തി.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത ഹെബ്ബാൾ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മാതാവിന്റെയും മറ്റ് ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.




