കാസർകോട്: കവുങ്ങ് കർഷകർക്ക് ആശ്വാസമായി അടയ്ക്കവിലയിൽ വർധന. കഴിഞ്ഞ ഒരു മാസത്തിനിടെ കൊട്ടടയ്ക്കയുടെ വില ഗണ്യമായി ഉയർന്നു. ഒരു മാസം മുൻപ് കിലോയ്ക്ക് 470 രൂപയായിരുന്നു പുതിയ അടയ്ക്കയുടെ പരമാവധി വില. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇത് 500 രൂപയായി. മാർച്ച് ആദ്യവാരത്തിൽ 530 രൂപയുണ്ടായിരുന്ന പഴയ അടയ്ക്കയുടെ വില ഇപ്പോൾ 550 രൂപയായി ഉയർന്നു.
വിപണിയിൽ അടയ്ക്കയുടെ വരവ് കുറയുന്നതാണ് വില കൂടാൻ പ്രധാന കാരണം. പ്രതികൂല കാലാവസ്ഥയും രോഗബാധയും കാരണം തോട്ടങ്ങളിൽ വിളവ് കുറഞ്ഞതും ഇതിന് കാരണമായി. ഈ വർഷം വിളവെടുത്ത അടയ്ക്ക ഉണക്കി കൊട്ടടയ്ക്കയാക്കുന്നതാണ് പുതിയ അടയ്ക്ക. മുൻവർഷങ്ങളിൽ സംഭരിച്ച അടയ്ക്കയാണ് പഴയ അടയ്ക്ക. ഗുണമേന്മയുള്ള അടയ്ക്കയ്‌ക്കൊപ്പം പട്ടോറ, ഉള്ളി, കരിങ്കൊട്ട തുടങ്ങിയ ഇനങ്ങളുടെയും വില 20 മുതൽ 30 രൂപ വരെ വർധിച്ചിട്ടുണ്ട്.
അതേസമയം, കർഷകർക്ക് രോഗബാധയും വലിയ പ്രശ്നമായി തുടരുന്നു. പച്ച അടയ്ക്കക്കുലകളെ ബാധിക്കുന്ന മഹാളി രോഗം മുൻപ് വലിയ വെല്ലുവിളിയായിരുന്നു. ഇപ്പോൾ ഇലകളിലെ മഞ്ഞളിപ്പ് രോഗവും വ്യാപകമായി കാണപ്പെടുന്നു. തൊഴിലാളികളുടെ കുറവും ഉയർന്ന കൂലിയും വളങ്ങളുടെ വിലവർധനയും കർഷകർക്ക് ഭാരം കൂട്ടുന്നു. നല്ല വില ലഭിച്ചാൽ മാത്രമേ കൃഷി തുടരാൻ കഴിയൂവെന്ന് കർഷകർ പറയുന്നു.




