ചാറ്റ് ജിപിടി യുമായി എല്ലാം പങ്കുവെക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ചാറ്റ് ചെയ്യുന്നതിന് മുമ്പ് നന്നായി ചിന്തിക്കണം. നമ്മൾ രഹസ്യമാണെന്ന് കരുതുന്നവ അങ്ങനെയാവണമെന്നില്ല. ചാറ്റുകൾ കമ്പനി നിരീക്ഷിക്കുണ്ടെന്നും അപകടകരമായ രീതിയിലുള്ള സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവ പൊലീസിന് കൈമാറുമെന്നും ഓപൺ എ.ഐ. സമീപകാല ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
സ്വയം ശാരീരിക ഉപദ്രവം നടത്തുന്നതിനോ മറ്റുള്ളവരെ ഉപദ്രവിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതോ ആയ ചാറ്റുകൾ സാങ്കേതിക സംവിധാനങ്ങൾ തിരിച്ചറിയുകയും അവ ഹ്യൂമൻ റിവ്യൂമാർക്ക് കൈമാറുകയും ചെയ്യും. സംഭവത്തിന്‍റെ ഗൗരവത്തിനനുസരിച്ച് പൊലീസിന് കൈമാറാൻ സാധ്യതയുണ്ടെന്നും കമ്പനി വ്യക്തമാക്കി. അത്തരം സംഭവങ്ങളിൽ ഉൾപ്പെട്ട അക്കൗണ്ടുകൾ നിരോധിക്കാൻ കഴിയുമെന്നും ഓപൺ എ.ഐ പറയുന്നു.ചെറിയ ഇടപെടലുകളിൽ മാത്രമേ തങ്ങളുടെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ വിശ്വസനീയമാകൂ എന്ന് കമ്പനി സമ്മതിച്ചു. ദീർഘമായതോ ആവർത്തിച്ചുള്ളതോ ആയ സംഭാഷണങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ മോശമാകാൻ സാധ്യതയുണ്ടെന്നും അത് സുരക്ഷാ പ്രോട്ടോക്കോളുകളുമായി വൈരുദ്ധ്യമുള്ള പ്രതികരണങ്ങൾ ലഭിക്കുന്നതിന് കാരണമാകുന്നുവെന്നും കമ്പനി വ്യക്തമാക്കുന്നു.










