പത്തനംതിട്ട: പി.സി. ജോർജിന്റെയും മകൻ ഷോൺ ജോർജിന്റെയും ക്രൈസ്തവ സഭയ്ക്കും ദീപിക പത്രത്തിനുമെതിരെയുള്ള വിവാദ പ്രസ്താവനകൾക്കെതിരെ രൂക്ഷവിമർശനവുമായി ആറന്മുളയിലെ യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കി. “അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത്” എന്ന രീതിയിലാണ് ഇരുവരുടെയും പ്രതികരണങ്ങളെന്ന് അബിൻ വർക്കി പരിഹസിച്ചു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇരുവരെയും കടന്നാക്രമിച്ചത്.
കേന്ദ്രസർക്കാരിന്റെ അധികാര ദണ്ഡും എഫ്.സി.ആർ.എ നിയമഭേദഗതിയും കാണിച്ച് ക്രൈസ്തവ സഭകളെയും ദീപികയെയും കീഴ്‌പ്പെടുത്താമെന്ന് ആരും കരുതേണ്ടെന്ന് അബിൻ വർക്കി പറഞ്ഞു. സഭയെ ഭീഷണിപ്പെടുത്താൻ ഷോൺ ജോർജ് ഇനിയും വളരേണ്ടതുണ്ട്. പ്രത്യേക ലക്ഷ്യങ്ങളോടെ കൊണ്ടുവന്ന എഫ്.സി.ആർ.എ നിയമത്തെ തടഞ്ഞുനിർത്തിയത് തങ്ങളാണെന്ന വാദത്തിൽ യാതൊരു യുക്തിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
’
സഭയെ ഒറ്റിക്കൊടുക്കാൻ ശ്രമിക്കുന്ന ‘യൂദാസുമാരെ’ മുൻനിർത്തി ബ്ലാക്ക്‌മെയിൽ രാഷ്ട്രീയം കളിക്കാമെന്ന് ആരും മോഹിക്കേണ്ട. മതേതരവാദികളായ കേരളത്തിലെ ക്രൈസ്തവർ ഇത്തരം തന്ത്രങ്ങൾക്ക് മുന്നിൽ വഴങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭയെയും പത്രത്തെയും ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രതിരോധം നേരിടേണ്ടി വരുമെന്നും അബിൻ വർക്കി മുന്നറിയിപ്പ് നൽകി.
സഭയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ അബിൻ വർക്കിയുടെ ഈ പരസ്യമായ നിലപാട് യുഡിഎഫ് ക്യാമ്പുകളിൽ വലിയ ചർച്ചയായിട്ടുണ്ട്.




