കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി അറസ്റ്റിലായ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ റിന്‍സി മുംതാസിന്റെ സിനിമാ മേഖലയിലെ ബന്ധങ്ങളുടെ കൂടുതല്‍ തെളിവ് പൊലീസിന്. ലഹരി കേസുമായി ബന്ധപ്പെട്ട് സിനിമ താരങ്ങള്‍ ഉള്‍പ്പെടെ 4 പേരെ ഫോണില്‍ വിളിച്ച് പൊലീസ് വിവരം തേടി. നാല് മാസത്തിലേറെയായി റിന്‍സിയെ സ്ഥിരമായി ഇവര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും പൊലീസിന് വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫോണില്‍ ബന്ധപ്പെട്ടത്. ഒരു സംവിധായകനും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
സിനിമ പ്രമോഷനുകളുടെ ഭാഗമായാണ് റിന്‍സിയെ വിളിച്ചതെന്നാണ് താരങ്ങള്‍ പൊലീസിന് നല്‍കിയ മറുപടി. എന്നാല്‍ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇവരുമായി പണം ഇടപാട് നടന്നിട്ടുണ്ടോ എന്ന പരിശോധനയിലാണ് പൊലീസ് . റിന്‍സിയെ നാളെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
സിനിമാ മേഖലയിലെ പ്രമുഖര്‍ക്ക് റിന്‍സി ലഹരിയെത്തിച്ചെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. റിന്‍സി ഇടപാട് നടത്തിയവരുടെ ലിസ്റ്റും പൊലീസിന് ലഭിച്ചിട്ടുണ്ട്. വാട്ട്‌സാപ്പ് ചാറ്റുകളില്‍ വന്‍തോതില്‍ ലഹരി വാങ്ങിയതിന്റെയും വിറ്റതിന്റെയും കണക്കുകളും പൊലീസിന് കിട്ടി. മലയാള സിനിമയിലെ യുവ താരങ്ങള്‍ക്കിടയില്‍ സുപരിചിതയായ റിന്‍സി ലഹരിക്കച്ചവടത്തിനായി തന്റെ ബന്ധങ്ങള്‍ ഉപയോഗിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. റിന്‍സി നിലവില്‍ റിമാന്‍ഡിലാണ്
ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലൂവന്‍സര്‍ കൂടിയായ റിന്‍സി മുംതാസ് സിനിമാ മേഖലയിലെ ഡ്രഗ് ലേഡിയെന്നാണ് പൊലീസ് പറയുന്നത്. പ്രമോഷന്‍ പരിപാടികളുടെ മറവില്‍ താരങ്ങള്‍ക്കുള്‍പ്പെടെ ലഹരി എത്തിച്ചു നല്‍കലായിരുന്നു പ്രധാന ജോലി. ഷൂട്ടിംഗ് ലൊക്കേഷനുകളിലും വന്‍തോതില്‍ ലഹരി ഒഴുക്കിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ലഹരി ഇടപാടുകാരുമായി റിന്‍സി നടത്തിയ ചാറ്റുകളും പുറത്തുവന്നതോടെയാണ് പല കണ്ണികളിലേക്കും പൊലീസ് എത്തിയത്.
പണിമുടക്ക് ദിവസം കാക്കനാട്ടെ ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് ഡാന്‍സാഫ് സംഘം റിന്‍സിയെ പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് രാസ ലഹരിയെത്തിക്കുന്നവരില്‍ പ്രധാനിയാണ് യാസര്‍ അറഫാത്ത്. കുറേ നാളുകളായി യാസറിന് പിന്നാലെയുള്ള ഡാന്‍സാഫ് കഴിഞ്ഞ ദിവസം ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് റിന്‍സി മുംതാസ് പിടിയിലായത്. എംഡിഎംഎയുമായി യാസര്‍ പിടിയിലായപ്പോള്‍ ഒപ്പമുണ്ടായിരുന്ന റിന്‍സിയുടെ ഫോണും പരിശോധിച്ചു. വാട്ട്‌സാപ്പ് ചാറ്റുകളില്‍ വന്‍തോതില്‍ ലഹരി വാങ്ങിയതിന്റെയും വിറ്റതിന്റെയും കണക്കുകള്‍ കണ്ടെത്തി.ഇടപാടുകാര്‍ സിനിമാരംഗത്തെ പ്രമുഖരാണ്. പണം കൈമാറാന്‍ ഗൂഗിള്‍ പേ മുതല്‍ ക്രിപ്‌റ്റോ കറന്‍സി വരെ ഉപയോഗിച്ചിരുന്നു.






