കോട്ടയം: സഹോദയ കലോത്സവത്തിന്റെ കരാർ തുക നൽകാത്തതിൽ പ്രതിഷേധിച്ച് മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിന് മുന്നിൽ ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷന്റെയും (LSWAK) കേരള സ്റ്റേറ്റ് ഹയർ ഗ്രേഡ് ഓണേഴ്സ് അസോസിയേഷന്റെയും (KSHGOA) നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. കഴിഞ്ഞ നവംബർ മാസത്തിൽ നടന്ന കലോത്സവത്തിൽ ലൈറ്റ് ആൻഡ് സൗണ്ട്സ് ഒരുക്കിയ ഈരാറ്റുപേട്ട ആർ.എച്ച്.എം (RHM) സൗണ്ട്സിനും, പന്തൽ നിർമ്മാണം നടത്തിയ ലിബർട്ടി പാലയ്ക്കും ഇതുവരെയും പണം നൽകി തീർക്കാത്തതിനെ തുടർന്നാണ് സംഘടനകൾ സംയുക്തമായി സൂചന സമരം സംഘടിപ്പിച്ചത്.
ധർണ്ണയിൽ KSHGOA ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി കുഞ്ഞുമോൻ കെ.എം, കിടങ്ങൂർ മേഖല പ്രസിഡന്റ് അജിതകുമാർ എന്നിവർ സംസാരിച്ചു. ആർ.എച്ച്.എം സൗണ്ട്സ് ഉടമ സുഹൈൽ, ലിബർട്ടി ഡെക്കറേഷൻ ഉടമ ജിമ്മി, എൽ.എസ്.ഡബ്ല്യു.എ.കെ ഭാരവാഹികളായ പി.എം.എച്ച് ഇക്ബാൽ, ജെയ്‌സ് രാമപുരം, മനോജ് നാഗിൻ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. അടിയന്തരമായി കുടിശ്ശിക തീർപ്പാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.




