മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും മുട്ട വളരെ ഗുണകരമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പ്രോട്ടീൻ, ബി-കോംപ്ലക്സ് വിറ്റാമിനുകൾ, ബയോട്ടിൻ, സിങ്ക് തുടങ്ങിയ പോഷകങ്ങൾ മുട്ടയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുടിയുടെ പ്രധാന ഘടകമായ കെരാറ്റിൻ ശക്തിപ്പെടുത്താൻ ഇത് സഹായിക്കുന്നു. മുട്ട ഉപയോഗിക്കുന്നത് മുടിക്ക് തിളക്കവും ബലവും നൽകുകയും മുടികൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കുകയും ചെയ്യുന്നു. മുടി വളർച്ച വേഗത്തിലാക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ചില മുട്ട ഹെയർ പാക്കുകൾ ഇവയാണ്.
ഒന്ന്
രണ്ട് മുട്ടയുടെ വെള്ളയും രണ്ട് സ്പൂൺ കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. 10 മിനുട്ട് നേരം സെറ്റാകാനായി മാറ്റിവയ്ക്കുക. ശേഷം ഈ പാക്ക് തലയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ട് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് തല കഴുകുക. കറ്റാർവാഴ മുടിയിൽ ആഴത്തിലുള്ള ജലാംശം നൽകുന്നു. വിറ്റാമിൻ എ, സി, ഇ എന്നിവയാൽ സമ്പുഷ്ടമായ ഇത് മുടിയിഴകളെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു.
രണ്ട്
രണ്ട് മുട്ടയും അൽപം ഉലുവ പേസ്റ്റും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ നന്നായി തേച്ച് പിടിപ്പിച്ച് ഇടുക. 15 മിനുട്ടിന് ശേഷം കഴുകുക. ഉലുവ പ്രകൃതിദത്തവും പ്രോട്ടീൻ സമ്പുഷ്ടവുമായ ഒരു ഔഷധമാണ്. ഇത് നിക്കോട്ടിനിക് ആസിഡും ലെസിതിനും കൊണ്ട് നിറഞ്ഞിരിക്കുന്നു, ഇത് തലയോട്ടിയിലെ രക്തചംക്രമണം ഉത്തേജിപ്പിക്കുകയും, കൊഴിച്ചിൽ കുറയ്ക്കുകയും, മുടിയെ ആഴത്തിൽ കണ്ടീഷൻ ചെയ്യുകയും ചെയ്യുന്നു. താരൻ തടയുന്നതിനും മുടിയുടെ കനവും തിളക്കവും വർദ്ധിപ്പിക്കുന്നതിനും ഉലുവ മികച്ചതാണ്.
മൂന്ന്
2 മുട്ടയുടെ വെള്ള, 1 ടേബിൾസ്പൂൺ ഒലിവ് അല്ലെങ്കിൽ ബദാം ഓയിൽ, 1 ടേബിൾ സ്പൂൺ തൈര് എന്നിവ ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ നന്നായി തേച്ച് പിടിപ്പിക്കുക. 10 മിനിറ്റിനു ശേഷം ഇത് കഴുകി കളയുക. മുടി നല്ല മൃദുവായി മാറാൻ ഇത് സഹായിക്കും.






