തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പും എസ്ഐആറും ഒരുമിച്ച് നടത്തുമ്പോഴുള്ള ആശയക്കുഴപ്പത്തിൽ വ്യക്തത വരുത്തി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിന്റെ ഭാഗമായി ജില്ലാ കളക്ടർമാരുടെ അടിയന്തര ഓൺലൈൻ യോഗം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ചു.
തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ജോലിയുള്ള ഉദ്യോഗസ്ഥരെ എസ്ഐആറിൽ നിന്ന് ഒഴിവാക്കാമെന്നു യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു. മറ്റ് ജീവനക്കാരെ ബെസിക് എലക്ഷൻ ലെവൽ ഓഫീസർമാരായി നിയമിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശതെരഞ്ഞെടുപ്പുകൾ സുഗമമായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ യോഗത്തിൽ നിർദ്ദേശം നൽകി.
വോട്ടർപട്ടിക തീവ്രപരിഷ്കരണ പ്രവർത്തനങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തടസ്സമില്ലാതെ നടത്തണമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ജില്ലാകളക്ടർമാരോട് ആവശ്യപ്പെട്ടു . സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരെ ഒഴിവാക്കി മറ്റുള്ളവരെ ബിഎൽഒമാരായി നിയമിക്കുന്നതിനും യാതൊരു തടസവുമില്ലെന്ന് ഉറപ്പുനൽകി.
രണ്ട് ഭരണഘടനാ സ്ഥാപനങ്ങളുടെയും ഭരണഘടനാപരമായ ബാധ്യതയാണ് വോട്ടർപട്ടിക തയ്യാറാക്കലും തെരഞ്ഞെടുപ്പ് നടത്തിപ്പും. അവ രണ്ടും തടസ്സമില്ലാതെ സുഗമമായി നടത്തേണ്ടതാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിർദ്ദേശിച്ചു. 14 ജില്ലകളിലെ കളക്ടർമാർ യോഗത്തിൽ പങ്കെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ പ്രവർത്തനവും ഒരേസമയം തടസ്സമില്ലാതെ നടത്താനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ജില്ലാ തലത്തിൽ സ്വീകരിക്കുമെന്ന് അവർ അറിയിച്ചു.










