പത്തനംതിട്ട: കോന്നി ആനക്കൂട്ടിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു. മോഹനൻ എന്ന പാപ്പാനാണ് മരിച്ചത്. ആന പരിപാലന കേന്ദ്രത്തിൽ വെച്ചാണ് ദാരുണമായ സംഭവം ഉണ്ടായത്. പ്രിയദർശിനി എന്ന ആനയാണ് മോഹനനെ ആക്രമിച്ചത്. മീന എന്ന ആനയുടെ പാപ്പാനായിരുന്നു മോഹനൻ. പ്രിയദർശിനിയുടെ തുമ്പിക്കൈക്ക് പരിക്കേറ്റതിനെ തുടർന്ന് അത് പരിശോധിക്കാനായി മോഹനൻ എത്തിയപ്പോഴാണ് ആന ആക്രമിച്ചത്.
ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മോഹനനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണ്.




