തൃശ്ശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു. രണ്ടാം പാപ്പാനായ ശ്രീക്കുട്ടൻ (25) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വാഴ്‌വാടി കാശിനാഥൻ എന്ന ആനയാണ് അക്രമാസക്തമായത്. കഴിഞ്ഞ ദിവസം രാത്രിയിലെ വിളക്കുയർത്തൽ ചടങ്ങിനിടെയും ആന നിയന്ത്രണം വിട്ടിരുന്നു. അന്ന് ആനയോടൊപ്പം നടന്നിരുന്ന രണ്ട് പേർ വീഴുകയും ചെയ്തിരുന്നു. തുടർന്ന് പാപ്പാൻമാർ ആനയെ നിയന്ത്രിച്ച് ദേവസ്വം പറമ്പിലെ കൊട്ടിലിൽ തളച്ചിരുന്നു.
ഇന്ന് ഉച്ചയോടെ വീണ്ടും വിരണ്ടോടിയ ആന തളച്ചിരുന്ന സ്ഥലത്തെ താൽക്കാലിക ഷെഡ് തകർത്തു പുറത്തുകടന്ന് പാപ്പാൻമാരെ ആക്രമിച്ചു. ആക്രമണത്തിൽ പാപ്പാന്മാരായ അമലിനും, ശ്രീക്കുട്ടനും ഗുരുതരമായി പരിക്കേറ്റു. ഉടൻ ഇരുവരെയും ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നെഞ്ചിൽ ഗുരുതരമായി ചവിട്ടേറ്റ ശ്രീക്കുട്ടന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ അമൽ ചികിത്സയിൽ തുടരുകയാണ്.




