തിരുവനന്തപുരം: പാങ്ങോട് മിലിറ്ററി ക്യാമ്പിൽ നിന്ന് വിലമതിപ്പുള്ള ആനക്കൊമ്പുകൾ മോഷണം പോയി. അതീവ സുരക്ഷാ മേഖലയായ ക്യാമ്പിലെ ഓഫീസേഴ്‌സ് ക്ലബിൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകളാണ് കാണാതായത്. രണ്ട് കോടി രൂപ വിലമതിപ്പുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. 1929-ൽ സംസ്ഥാന സർക്കാർ കൈമാറിയ ആനക്കൊമ്പുകളാണിവെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ക്ലബിൽ നടന്ന പാർട്ടിക്ക് ശേഷമാണ് മോഷണം നടന്നതായി സംശയിക്കുന്നത്. സംഭവത്തിൽ പൂജപ്പുര പൊലീസ് ഇന്നലെ രാത്രി കേസെടുത്തു. സുരക്ഷാ സംവിധാനങ്ങളിലുണ്ടായ വീഴ്ചകളടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.










