കണ്ണൂർ: അഞ്ചരക്കണ്ടി ചെറിയവളപ്പില്‍ 25 ഏക്കറില്‍ 275 കോടിയുടെ സയൻസ് പാർക്കും വേങ്ങാട് പടുവിലായില്‍ കിൻഫ്രയുടെ 25 ഏക്കറില്‍ 317 കോടി ചിലവിട്ടുമാണ് ഐ.ടി. പാർക്കുമാണ് ഒരുക്കുന്നത്. അഞ്ചരക്കണ്ടി ചെറിയവളപ്പിലാണ് ഉദ്ഘാടന പരിപാടി. അടുത്ത ആഴ്ച്ചയോടെ പ്രവൃത്തി ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. രണ്ടു വർഷത്തിനുള്ളില്‍ നിർമ്മാണം പൂർത്തിയാക്കാനാണ് പദ്ധതി. ഇരുപദ്ധതികളിലുമായി നാല് ലക്ഷം പേർക്ക് തൊഴിലവസരം ലഭിക്കും. രണ്ട് വർഷമാണ് നിർമ്മാണ കാലാവധി. ഐ.ടി. പാർക്കിനും സയൻസ് പാർക്കിനും വൈദ്യുതി ലഭ്യമാക്കുന്നതിനായി 33 കെ.വി.സബ്‌സ്റ്റേഷൻ നിർമ്മിക്കും. കീഴല്ലൂർ പനയത്തുപറമ്പ് പി.ഡബ്യു.ഡി റോഡില്‍ നിന്ന് ഏകദേശം 720 മീറ്റർ നീളമുള്ള അപ്രോച്ച് റോഡും നിർമ്മിക്കും.
കിൻഫ്ര ഏറ്റെടുത്ത ഭാഗത്തിലൂടെയാണ് റോഡ് സൗകര്യം ഒരുക്കുന്നത്.ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. സ്പീക്കർ എ.എൻ ഷംസീർ വിശിഷ്ടാതിഥിയാകും. എം.പിമാരായ കെ.സുധാകരൻ , വി.ശിവദാസൻ, ശൈലജ എം.എല്‍.എ, കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. കെ.കെ.സാജു തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തില്‍ ചീഫ് സയന്റിസ്റ്റും കെ.എസ്.ഐ.ടി.ഐ.എല്‍ മെമ്പർ സെക്രട്ടറിയുമായ പ്രൊഫ എ.സാബു, മനോജ് കുമാർ, ഡോ.സി.അരുണ്‍ എന്നിവർ പങ്കെടുത്തു.ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രയോജനപ്പെടുത്തുംസംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നാല് സയൻസ് പാർക്കുകളിലൊന്നാണ് കണ്ണൂരില്‍ തുടങ്ങുന്നത്.
സർവകലാശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, പ്രമുഖ വ്യവസായ ഗ്രൂപ്പുകള്‍ എന്നിവയെ ഒരു കുടക്കീഴിലാക്കി ട്രിപ്പിള്‍ ഹെലിക്സ് മോഡലില്‍ നിർമ്മിക്കുന്ന സയൻസ് പാർക്കിന്റെ പ്രിൻസിപ്പല്‍ അസോസിയേറ്റ് ചുമതല കണ്ണൂർ സർവകലാശാലക്കാണ്. കേരള സംസ്ഥാന ശാസ്ത്ര സാങ്കേത പരിസ്ഥിതി കൗണ്‍സില്‍ (കെ.എസ്.ഐ.ടി.ഐ.എല്‍) മേല്‍നോട്ടം വഹിക്കും. ബയോപ്രോസസിംഗ് , ബയോപ്രോസ്‌പെക്ടിംഗ് മേഖലകളില്‍ ഊന്നിയുള്ള നൂതന ഗവേഷണങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാകും പാർക്കിന്റെ പ്രവർത്തനം. കണ്ണൂർ കാസർഗോഡ്, കോഴിക്കോട് മേഖലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും സഹകരണവും സയൻസ് പാർക്കിന്റെ പ്രവർത്തനങ്ങളില്‍ പ്രയോജനപ്പെടുത്തും.










