കോട്ടയം : വരുന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഏറ്റവും അടുത്തിരിക്കെ പത്തു വീടുകൾ കയറുമ്പോൾ ഒരെണ്ണം അടഞ്ഞു കിടക്കും. നാല് വീടുകളിൽ പിള്ളേരൊക്കെ അങ്ങ് ജർമനിയിലും കാനഡയിലുമാകും. മാടപ്പള്ളി പഞ്ചായത്തിൽ വോട്ട് തേടി ഇറങ്ങിയ സ്ഥാനാർഥികളുടെ പരാതിയാ ണിത്. അടഞ്ഞു കിടക്കുന്ന വീടുകളുടെ എണ്ണം ഇത്തവണ കൂടുതലാണെന്ന് സ്ഥാനാർഥികൾ പറയുന്നു. വോട്ടേഴ്‌സ് ലിസ്റ്റിൽ പുതുതായി ഇടംപിടിച്ച ചെറുപ്പക്കാരിൽ ഭൂരിഭാഗവും വിദേശത്താണ്. ചിലരുടെ മാതാപിതാക്കളും അവർക്കൊപ്പം വിദേശത്തേക്ക് പോയിക്കഴിഞ്ഞു.
ചില ആളനക്കമുള്ള വീട്ടിൽ ചെന്നാലും ‘പിള്ളേരെല്ലാം വിദേശത്താ ’ എന്ന മറുപടിയാണ് മാതാപിതാക്കളിൽ നിന്ന് കേൾക്കുന്നത്. ഒടുവിൽ മക്കളുടെ വാട്സാപ് നമ്പറും വാങ്ങി സ്ഥാനാർഥിയും സംഘവും തിരിച്ചുപോകും. വോട്ട് ചെയ്യണമെന്ന അഭ്യർഥനയുമായി ചിരിച്ചു നിൽക്കുന്ന പോസ്റ്റർ ഒരെണ്ണം ആ നമ്പറിൽ അയച്ചുകൊടുക്കും.
പാർട്ടി കൺവൻഷനുകളിലും ചെറിയ യോഗങ്ങളിലുമെല്ലാം രാഷ്ട്രീയം പറയുമെങ്കിലും വോട്ടറുടെ വീട്ടിൽ ചെല്ലുമ്പോൾ രാഷ്ട്രീയം പറയാതിരിക്കാനാണ് സ്ഥാനാർഥികളുടെ ശ്രമം. വ്യക്തിപരമായ അടുപ്പവും ബന്ധവും പരിചയങ്ങളും പുതുക്കി വോട്ടഭ്യർഥിക്കും.




