ഇറാൻ: ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ (ഐ.ആർ.ജി.സി) തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി യൂറോപ്യൻ യൂനിയൻ (ഇ.യു). ഇറാനിലെ ജനങ്ങളുടെ പ്രതിഷേധങ്ങളെ വൻതോതിൽ അടിച്ചമർത്തിയതിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.
സ്വന്തം ജനങ്ങളുടെ പ്രതിഷേധങ്ങളെ രക്തത്തിൽ അടിച്ചമർത്തുന്ന ഭരണകൂടത്തെയാണ് ഭീകരൻ എന്ന് വിളിക്കുന്നതെന്ന് ഇ.യു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു. തീരുമാനം നേരത്തെ എടുക്കേണ്ടതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ സൈന്യത്തിൻറെ ശക്തമായ വിഭാഗമാണ് ഐ.ആർ.ജി.സി. ആഭ്യന്തര സുരക്ഷ, രഹസ്യാന്വേഷണം, വിദേശ പ്രവർത്തനങ്ങൾ എന്നിവയിലും ഐ.ആർ.ജി.സി വലിയ പങ്ക് വഹിക്കുന്നുണ്ട്.
ഇതിന് പുറമേ ഇറാന് പുതിയ ഉപരോധങ്ങൾ കൂടി ഇ.യു പ്രഖ്യാപിച്ചു. 21 ഇറാനിയൻ ഉദ്യോഗസ്ഥരും ആഭ്യന്തര മന്ത്രി, പ്രോസിക്യൂട്ടർ ജനറൽ, പ്രാദേശിക ഐ.ആർ.ജി.സി കമാൻഡർമാർ എന്നിവരുൾപ്പെടെയുള്ളവർക്കും യൂറോപ്പിലേക്ക് വിസ വിലക്ക് ഏർപ്പെടുത്തി. ഇവരുടെ ആസ്തികൾ മരവിപ്പിക്കുകയും ചെയ്തു.










