ഇന്ത്യക്കാര്‍ പതിയെ മറന്നുതുടങ്ങിയ ഒരു പേരുണ്ട്- അരുണ ഷാന്‍ബാഗ്. 1973 നവംബറില്‍ മുംബൈയില്‍ ആ രാത്രി അതിക്രൂരമായ ലൈംഗീകാതിക്രമണത്തിന് ഇരയായ ഒരു യുവതി. അവള് മരിച്ചില്ല പക്ഷേ. വളര്‍ത്തുനായയുടെ തുടല് കഴുത്തില്‍ മുറുക്കിയതിനെ തുടര്‍ന്ന് തലച്ചോറിലേക്കുള്ള ഓക്സിജന്‍ നിലച്ച് അവള് അബോധാവസ്ഥയിലായി. പിറ്റേന്ന് ഹോസ്പിറ്റലിലെത്തിയ നഴ്സുമാരാണ് മരണത്തോടുമല്ലിടുന്ന അരുണയെ കണ്ടെത്തുന്നത്. ഹോസ്പിറ്റലിലെ സകല സാങ്കേതികതയും ഉപയോഗിച്ചു രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കോമയില്‍ നിന്നും അവര്‍ പിന്നീട് ഉണര്‍ന്നില്ല. കുറ്റവാളിയായ സോഹന്‍ വാല്മീകിക്ക് അതിക്രൂരമായ കൃത്യത്തിനു സോഹന്‍ ലഭിച്ചത് 14 വര്‍ഷത്തെ തടവ് ശിക്ഷയും ഇരയായ അരുണക്കു ലഭിച്ചത് 42 വര്‍ഷത്തെ കോമ ജീവിതവും.
കാലമേറെ കഴിഞ്ഞ് 2011 മാര്‍ച്ച് ഏഴാം തിയതി. കേസ് – അരുണ ഷാന്‍ബാഗ് വേഴ്സസ് യൂണിയന് ഓഫ് ഇന്ത്യ. നീണ്ടകാലമായി കോമയില്‍ കഴിയുന്ന അരുണക്ക് ദയാവധം നല്‍കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ പിങ്കി വിരാനി നല്കിയ പെറ്റീഷന് സുപ്രീം കോടതി തള്ളി. അരുണയെ വധിക്കാനാവില്ലെന്നു പ്രഖ്യാപിച്ചു. പക്ഷേ അതൊരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു. ജീവിതത്തിലേക്കു തിരിച്ചുവരവില്ലെന്നു കോടതിയും വൈദ്യശാസ്ത്രവും കണ്ടെത്തിയ അരുണയെ അന്തസ്സോടെയുള്ള മരണത്തിനു വിട്ടു നല്‍കാത്തത് അവകാശ ലംഘനമാണെന്നുള്ള വാദങ്ങള്‍ ഉണ്ടായി. പിന്നാലെ രാജ്യം ആ വലിയ തീരുമാനത്തിലേക്ക് എത്തി. പാസ്സീവ് യൂത്തനേഷ്യ അഥവാ നിഷ്ക്രിയ ദയാവധം നിബന്ധനകളോടെ അനുവദിക്കുന്ന ചുരുക്കം രാജ്യങ്ങളില്‍ ഒന്നായി മാറി ഇന്ത്യ. കുടുംബാംഗങ്ങളുടെ സമ്മതത്തോടെ നിഷ്ക്രിയ ദയാവധം നടപ്പിലാക്കാം. ബന്ധുക്കള്‍ ഇല്ലാത്തപക്ഷം അടുത്ത സുഹൃത്തുക്കള്‍ക്ക് അനുവാദം നല്‍കാം. അന്ന് ആ ആശുപത്രിയിലെ നഴ്സുമാര്‍ ദയാവധം വേണ്ടെന്ന നിലപാട് കൈകൊണ്ടതാണ് അരുണ വീണ്ടും നാല് വര്‍ഷം കൂടി കട്ടിലില്‍ തന്നെ കഴിച്ചുകൂട്ടിയത്. പിന്നീട് കഴിഞ്ഞ ദിവസമാണ് ഇതേ നിയമം വീണ്ടും രാജ്യത്ത് ചര്‍ച്ചയാകുന്നത്.
കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണ് 13 വര്‍ഷമായി അബോധാവസ്ഥയില്‍ കിടക്കുന്ന ഹരീഷ് റാണയെന്ന 32 കാരന് ഇന്ത്യന്‍ സുപ്രീംകോടതി നിഷ്ക്രിയ ദയാവധം (Passive Euththanasia) അനുവദിച്ചതാണ് ഇപ്പോള്‍ ഈ വിഷയം വീണ്ടും ചര്‍ച്ചയാക്കുന്നത്. അങ്ങനെ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ദയാവധത്തിന് വിധിച്ച ആദ്യ വ്യക്തിയായി ഹരീഷ് റാണ ചരിത്രത്തിന്റെ ഭാഗമാവുകയാണ്. മകനെ മരിക്കാനനുവദിക്കണമെന്ന് ഒരച്ഛനും അമ്മയും കോടതികളായ കോടതികളോട് അപേക്ഷിക്കുന്നു. ആ ജീവിതം കണ്ടുനില്‍ക്കാനാവുന്നില്ലെന്നു സാക്ഷ്യപ്പെടുത്തുന്നു. കോടതി ആ അവസ്ഥ മനസിലാക്കുന്നു. ഒടുവില്‍ ഹരീഷിന് നിറകണ്ണുകളോടെ വേദനകളില്ലാത്ത ലോകം സമ്മാനിക്കുകയാണ് രാജ്യവും നിയമ സംവിധാനങ്ങളും.
കോമണ്‍ കോസ് വേഴ്സസ് യൂണിയന് ഓഫ് ഇന്ത്യ :
അരുണയുടെ മരണത്തിനു പിന്നാലെ 2018 ലാണ് സുപ്രീംകോടതി കോമണ്‍ കോസ് വേഴ്സസ് യൂണിയന് ഓഫ് ഇന്ത്യ കേസില്‍ വിധി പ്രഖ്യാപിക്കുന്നത്. 2005 ലാണ് കോമണ്‍ കോസ് എന്ന എന്‍ജിഒ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം അന്തസ്സോടെ മരിക്കാനുള്ള അവകാശം മൗലികാവകാശമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുന്നത്. മാരകമായ അസുഖം ബാധിച്ച രോഗികള്‍ക്ക് ‘ലിവിങ് വില്‍’ തയ്യാറാക്കാനുള്ള സംവിധാനമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും അവര്‍ കോടതിയില്‍ വാദിച്ചു. നീണ്ടകാലത്തെ നിയമപോരാട്ടത്തിനു ശേഷം അഞ്ചംഗ ബെഞ്ച് അന്തസ്സോടെയുള്ള മരണം മൗലികാവകാശമായി പ്രഖ്യാപിച്ചു.
ദയാവധം എന്താണ്?
യൂത്തനേഷ്യ (euthanasia) എന്ന വാക്കിനര്‍ത്ഥം നല്ല മരണം അഥവാ ഗുഡ് ഡെത്ത് എന്നാണ്. ഭേദമാക്കാനാവാത്തതും വേദനാജനകവുമായ രോഗമോ തിരിച്ചുവരവില്ലാത്ത വിധം കോമയോ ബാധിച്ച രോഗിയെ തീരാദുരിതത്തില്‍ നിന്നും മോചിപ്പിക്കാനായി വേദനയില്ലാത്ത വിധം മരണത്തിനു വിട്ടു കൊടുക്കുന്നു. ദയാവധം എന്ന സങ്കല്പം ഏറെ പഴയതാണ്. ദുരിതക്കടലില്‍ ഒരു മനുഷ്യന് കരകയറാനാവാതെ പിടയുന്നത് കാണുന്ന ഏതൊരു മനുഷ്യസ്നേഹിയും ഒരുനിമിഷമെങ്കിലും അങ്ങനെ ചിന്തിച്ചിരിക്കും. പ്ലേറ്റോ പോലും ഇതിന് അനുകൂലമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. മികച്ച ജീവിതം നയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നല്ല മരണം തിരഞ്ഞെടുക്കാനുള്ള അവകാശം മനുഷ്യനുണ്ട് എന്ന ആശയം ഗ്രീക്ക് ചിന്തകന്‍ തന്നെയായ ലൂസ്യസ് സെനേക്ക പറഞ്ഞുവെക്കുന്നു. അദ്ദേഹത്തിന്റെ മരണം പോലും അത്തരത്തിലൊന്നായിരുന്നു.
ദയാവധം നടപ്പിലാക്കുന്നതിനും രണ്ടുവിധമാണുള്ളത്. ആദ്യത്തേത് ആക്റ്റീവ് യൂത്തനേഷ്യ അഥവാ സജീവ ദയാവധം. ഡോക്ടറുടെ സാന്നിധ്യത്തില്‍ മരുന്നോ കുത്തിവെപ്പോ ഉപയോഗിച്ചുള്ള വധം. എന്നാല്‍ ഇന്ത്യയില്‍ ഇത് അനുവദിനീയമല്ല. ശക്തമായ ഉപാധികളോടെയുള്ള നിഷ്ക്രിയ ദയാവധത്തിനാണു സുപ്രീംകോടതി അനുവാദം നല്‍കിയിട്ടുള്ളത്. അതിനു മുന്‍പ് ജീവന് നിലനിര്‍ത്താന്‍ വേണ്ട എല്ലാ ചികിത്സയും ഉറപ്പുവരുത്തേണ്ടതുണ്ട്. മരണം വരേയും പാലിയേറ്റീവ് കെയറും നല്‍കണം.
രേഖകളുള്ള ആദ്യത്തെ ദയാവധം നടന്നത് 1915 ലാണ്. ജര്‍മന്‍-അമേരിക്കന്‍ ആശുപത്രിയിലെ ഡോക്ടറായിരുന്നു ഹാരി ഹൈസല്ഡന്. ആശുപത്രിയില്‍ ഗുരുതരമായ ജനിതകവൈകല്യങ്ങളോടെ ഒരു കുഞ്ഞ് ജനിച്ചു. ഒരു തരത്തിലും നല്ലൊരു ജീവിതം ആ കുഞ്ഞിന് ലഭിക്കില്ലെന്ന് വാദിച്ച ഡോക്ടര്‍ ചികിത്സ നല്‍കിയില്ല. കുഞ്ഞ് മരിച്ചു. ആവശ്യമില്ലാത്തവരെ മരണത്തിന് വിട്ടുകൊടുക്കുന്ന രീതി നമ്മുടെ നാട്ടിലും നടന്നിരുന്നു എന്നതിന് തെളിവുകളുണ്ട്. അതില്‍ പെട്ടതാണ് ജൈനരുടെ ‘സല്ലേഖന’യും തമിഴ്നാട്ടിലെ ‘തലൈക്കൂത്ത’ലും. രണ്ടും ഒരു തരത്തില്‍ കൊല്ലുന്നതിന് തുല്യമാണ്. പില്ക്കാലത്ത് നിയമം കൊണ്ട് രാജ്യം ഇത് രണ്ടും എതിര്‍ത്തിട്ടുണ്ട്.
ലോകത്താദ്യമായി ദയാവധം നിയമവിധേയമാക്കിയത് നെതര്‍ലാന്റ്സ് (2002) ആയിരുന്നു. അവിടെ ഇപ്പോള്‍ പ്രതിവര്‍ഷം പതിനായിരത്തിനടുത്ത് ദയാവധങ്ങള്‍ നടക്കുന്നുണ്ട്. കൂടുതലും ഗുരുതരമായ ക്യാന്‍സര്‍ ബാധിച്ചവര്‍. നിലവില്‍ 7 യൂറോപ്യന്‍ രാജ്യങ്ങള്‍ ദയാവധം നിയമപരമായി പ്രഖ്യാപിച്ചിട്ടുണ്ട്. നെതര്‍ലാന്റ്സ്, ബെല്‍ജിയം, ലെക്സംബര്‍ഗ്, സ്വിറ്റ്സര്‍ലാന്റ്, ആസ്ട്രിയ, സ്പെയ്ന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ പൂര്‍ണമായും ജെര്‍മനി, ഇറ്റലി എന്നിവിടങ്ങളില്‍ ഭാഗികമായും ദയാവധം നിയമപരമാണ്. ഫ്രഞ്ച്-സ്വിസ് ചലച്ചിത്രകാരന് ജീന്‍ ലൂക് ഗൊദാര്‍ദിന്റെ മരണം ചര്‍ച്ചയായി.
ശരിയും തെറ്റും എന്ത്?
അങ്ങനെയൊന്നില്ലെന്ന് പറയേണ്ടി വരും. ശരിതെറ്റുകള്‍ക്കിടയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുക ദയാവധത്തിന്റെ മാനുഷിക വശമാണ്. ഒരു ത്രാസിന്റെ രണ്ട് വശങ്ങളിലുമിട്ട് ഒരിക്കലും തുലനം ചെയ്യാനാവാത്ത ഒരു ആശയം. അതിനാല്‍ തന്നെ ദയാവധത്തിന്റെ ശരിയും തെറ്റും വിധിക്കാന്‍ മറ്റൊരാള്‍ക്കാവില്ല- അത് നിങ്ങളുടെ മനസാക്ഷി തന്നെ നല്‍കേണ്ട ഉത്തരമാണ്.




