ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലും മരുന്ന് ക്ഷാമം രൂക്ഷം. വിലകൂടിയ മരുന്നുകൾ ഉൾപ്പെടെ പലതും ഫാർമസിയിൽ ലഭിക്കുന്നില്ലെന്ന് രോഗികൾ പരാതിപ്പെട്ടു. മിക്ക വിഭാഗങ്ങളിലെ ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകളും ആശുപത്രി ഫാർമസിയിൽ നിന്ന് ലഭിക്കാത്ത സ്ഥിതിയാണ്. ഇതോടെ ഉയർന്ന വില നൽകി പുറത്തുനിന്ന് മരുന്ന് വാങ്ങേണ്ട അവസ്ഥയിലാണ് രോഗികൾ.
ഓർഡർ നൽകിയ മരുന്നുകൾ ലഭിക്കുന്നതിലെ കാലതാമസമാണ് ക്ഷാമത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികൾ കടുത്ത മരുന്ന് ക്ഷാമം നേരിടുകയാണ്. പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾക്ക് പുറമെ കീമോതെറാപ്പി, അപസ്മാരം തുടങ്ങിയ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകൾക്കും ക്ഷാമമുണ്ട്.
മരുന്ന് ക്ഷാമം പൊതുജനശ്രദ്ധയിൽപ്പെടാതിരിക്കാൻ പരമാവധി പ്രാദേശികമായി മരുന്നുകൾ വാങ്ങാനാണ് ആശുപത്രികൾക്ക് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ, വൻതുക കുടിശ്ശികയായതിനാൽ സർക്കാർ ആശുപത്രികൾക്ക് മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും നൽകാൻ സ്വകാര്യ വിതരണക്കാർ തയ്യാറാകുന്നില്ലെന്നാണ് വിവരം.












