തിരുവനന്തപുരം: കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപറേഷനിൽ ആർ. അനീഷ് ബാബുവിന് ചട്ടവിരുദ്ധമായി സ്ഥാനക്കയറ്റം നൽകിയെന്ന് ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോർട്ട്. ഒരു ദിവസത്തിനിടെ പുറത്തിറക്കിയ വ്യത്യസ്ത ഉത്തരവുകളിലൂടെ അനീഷ് ബാബുവിന് ഡെപ്യൂട്ടി മാനേജർ, മാനേജർ എന്നീ സ്ഥാനങ്ങളിലേക്ക് മുൻകാല പ്രാബല്യത്തോടെ സ്ഥാനക്കയറ്റം നൽകിയെന്നാണ് കണ്ടെത്തൽ.
2008 ഒക്ടോബർ 13നാണ് കരാർ അടിസ്ഥാനത്തിൽ അനീഷ് ബാബുവിനെ കെടിഡിഎഫ്.സിയിൽ അസിസ്റ്റന്റ് മാനേജരായി നിയമിച്ചത്. 2014 ഡിസംബറിൽ മുൻകാല പ്രാബല്യത്തോടെ അദ്ദേഹത്തെ സർക്കാർ സ്ഥിരപ്പെടുത്തി.
2017 മാർച്ച് 28ന് പുറത്തിറക്കിയ ഉത്തരവിൽ 2009 ഒക്ടോബർ 23 മുതൽ മുൻകാല പ്രാബല്യത്തോടെ അനീഷ് ബാബുവിനെ ഡെപ്യൂട്ടി മാനേജരായി സ്ഥാനക്കയറ്റം നൽകി. ഇതേ ദിവസം തന്നെ പ്രൊബേഷൻ പൂർത്തിയാക്കിയതായി വ്യക്തമാക്കുന്ന ഉത്തരവും പിന്നീട് മാനേജരായി സ്ഥാനക്കയറ്റം നൽകുന്ന ഉത്തരവും പുറത്തിറക്കി. 2011 ഡിസംബർ 27ന് പ്രൊബേഷൻ പൂർത്തിയാക്കിയതായി പിന്നീട് പുറത്തിറക്കിയ ഉത്തരവിലും രേഖപ്പെടുത്തിയിരുന്നു.
ഒരു തസ്തികയിൽ കുറഞ്ഞത് ഒരു വർഷം സേവനം പൂർത്തിയാക്കിയാലാണ് സാധാരണയായി സ്ഥാനക്കയറ്റത്തിന് അർഹതയുള്ളത്. എന്നാൽ ഡെപ്യൂട്ടി മാനേജർ തസ്തികയിൽ ചുമതലയേറ്റതായി രേഖകളില്ലാത്ത സാഹചര്യത്തിൽ മുൻകാല പ്രാബല്യത്തോടെ സ്ഥാനക്കയറ്റം നൽകിയത് ചട്ടപ്രകാരമല്ലെന്നാണ് ധനകാര്യ പരിശോധന വിഭാഗത്തിന്റെ കണ്ടെത്തൽ. ഒരു വർഷം പോലും ഡെപ്യൂട്ടി മാനേജറായി സേവനം പൂർത്തിയാക്കാതെയാണ് മാനേജരായി സ്ഥാനക്കയറ്റം നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
അതിനാൽ അനീഷ് ബാബുവിന് നൽകിയ സ്ഥാനക്കയറ്റങ്ങൾ റദ്ദാക്കണമെന്നും അനധികൃതമായി നൽകിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ചുപിടിക്കണമെന്നും ധനകാര്യ പരിശോധന വിഭാഗം ശുപാർശ ചെയ്തു. നടപടി ഒഴിവാക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്ന് അനീഷ് ബാബുവിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. നിലവിൽ രാജ്യസഭാംഗം ജോൺ ബ്രിട്ടാസിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമാണ് അനീഷ് ബാബു.


