കൊല്ലം: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ പുകഴ്ത്തിയതിന് കോൺഗ്രസ്സിൽ നിന്നും പുറത്താക്കിയ തലച്ചിറ അസീസ് കോൺഗ്രസ്സ് ബിയിലേക്ക്. അസീസിനെ ഗണേഷ് കുമാർ സ്വീകരിക്കും.
ഇന്നുതന്നെ അസീസിന്റെ വീട്ടിലെത്തി മന്ത്രി മെമ്പർഷിപ്പ് നൽകും. ഗണേഷ് കുമാർ കായ്ഫലമുള്ള മരമാണെന്നും അദ്ദേഹത്തെ വീണ്ടും പത്തനാപുരത്ത് നിന്ന് ജയിപ്പിക്കണമെന്നുമുള്ള അസീസിന്റെ പ്രസംഗം കഴിഞ്ഞ ദിവസം വിവാദമായിരുന്നു. തലച്ചിറയിൽ നടന്ന റോഡ് ഉദ്ഘാടനവേദിയിലായിരുന്നു അസീസിന്റെ പ്രസംഗം.
‘നമ്മുടെ നാട്ടിൽ വികസനം ചെയ്യുന്ന കരുത്തനായ കായ്ഫലം ചെയ്യുന്ന മരമാണ് കെ ബി ഗണേഷ് കുമാർ. കായ്ക്കാത്ത മച്ചി മരങ്ങൾ ഇവിടേക്ക് കടന്നുവരും. അവരെ തിരിച്ചറിഞ്ഞ് നമ്മുടെ നേതാവിനെ മഹാഭൂരിപക്ഷത്തോടെ വിജയിപ്പിച്ച് മന്ത്രിയാക്കാൻ തയ്യാറാക്കണം’ എന്നായിരുന്നു തലച്ചിറ അസീസ് പ്രസംഗത്തിനിടെ പറഞ്ഞത്. മന്ത്രി ഉദ്ഘാടകനായി എത്തിയ പരിപാടിയിലാണ് അസീസ് ഇക്കാര്യം പറഞ്ഞത്. വിഷയത്തിൽ അസീസിനോട് ഡിസിസി വിശദീകരണം തേടിയിരുന്നു. പിന്നാലെയായിരുന്നു പുറത്താക്കിക്കൊണ്ടുള്ള നടപടി.






