ന്യൂഡൽഹി: ഇ. ശ്രീധരൻ മുന്നോട്ടുവച്ച കേരളത്തിലെ അതിവേഗ റെയിൽ പദ്ധതി സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി അംഗീകരിച്ചില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ അറിയിച്ചു.
നിലവിലെ രൂപത്തിൽ പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തൽ. പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ എം.പി. ജോൺ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്രമന്ത്രി മറുപടി നൽകിയത്.
ഇ. ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ട് പൂർണമല്ലെന്നും യാത്രക്കാരുടെ എണ്ണം, സാമ്പത്തിക ചെലവ്, പരിസ്ഥിതി-സാമൂഹിക ആഘാതം തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ പഠനം ആവശ്യമാണെന്നും വിദഗ്ധ സമിതി ചൂണ്ടിക്കാട്ടി. ഈ കാരണങ്ങളാലാണ് നിലവിലെ രൂപത്തിൽ പദ്ധതി അംഗീകരിക്കാനാകില്ലെന്ന് തീരുമാനിച്ചത്. കേരളത്തിൽ റെയിൽവേ വികസനത്തിനായി മറ്റ് പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്നും സിൽവർ ലൈൻ പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിച്ചതായും കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ അതിവേഗ റെയിൽ പദ്ധതി ജനുവരിയിലാണ് ഇ. ശ്രീധരൻ അവതരിപ്പിച്ചത്. പദ്ധതിയുടെ ഭാഗമായി വിവിധ ജില്ലകളിൽ സ്റ്റേഷനുകൾ ഉൾപ്പെടുത്തിയുള്ള വിശദമായ രൂപരേഖയും അദ്ദേഹം മുന്നോട്ടുവച്ചിരുന്നു.




