ഉത്തരേന്ത്യയിൽ നിർണായക രാഷ്ട്രീയ കൊടുങ്കാറ്റുകൾ ആഞ്ഞടിക്കുന്നു. ബിഹാർ, മധ്യപ്രദേശ് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ അപ്രതീക്ഷിത തിരിച്ചടി നേരിട്ടിരിക്കുകയാണ് ബിജെപി. ബിഹാറിൽ ദേശീയ അധ്യക്ഷൻ നിതിൻ നബിൻ രാജിവെച്ച ബങ്കിപ്പൂരിൽ തോറ്റപ്പോൾ മധ്യപ്രദേശിലെ ദാത്തിയ മണ്ഡലത്തിൽ ബിജെപി പിന്നിലാണെന്ന വാർത്തകളാണ് വരുന്നത്. ഇതിൽ ബിഹാറാണ് ബിജെപിയെ ഞെട്ടിപ്പിക്കുന്നത്. ദാത്തിയയിൽ ഒരുപക്ഷേ അവസാന ഫലം വരുമ്പോൾ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെങ്കിലും 14 റൗണ്ടുകളോളം അവിടെ കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നു എന്നത് ചെറിയൊരു ഷോക്ക് അല്ല താമരയ്ക്ക്. ഒപ്പം ബിജെപി കോട്ടയായ ബങ്കിപ്പൂരില്‍ തിരഞ്ഞെടുപ്പ് ചാണക്യന്‍ 30 വര്‍ഷത്തെ ചരിത്രം തിരുത്തിയെഴുതുന്ന കാഴ്ച്ചയ്ക്കും രാജ്യം സാക്ഷിയാവുകയാണ്.
ബിഹാറിലെ ബി.ജെ.പിയുടെ പ്രബല ശക്തികേന്ദ്രമായ ബങ്കിപ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മുൻ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജൻ സുരാജ് പാർട്ടി എന്ന JSP സ്ഥാപകനും അധ്യക്ഷനുമായ പ്രശാന്ത് കിഷോറിന് പ്രതീക്ഷിച്ചതിലും വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. ആദ്യമായി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ പ്രശാന്ത് കിഷോർ, ബി.ജെ.പിയുടെ നീരജ് കുമാർ സിൻഹയെ ബഹുദൂരം പിന്നിലാക്കിയാണ് കുതിച്ചത്. സിജെപി പ്രതിഷേധത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ബിജെപിയുടെ ഉരുക്ക് കോട്ടയാണ് തലസ്ഥാനമായ പാറ്റ്നയുടെ ഹൃദയഭാഗത്തുള്ള ബങ്കിപ്പൂർ. ഇതുവരെ ഒരു ബിജെപി സ്ഥാനാർത്ഥിയും ഇവിടെ പരാജയം എന്തെന്ന് അറിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ഈ ഉപതിരഞ്ഞെടുപ്പും ഇപ്പോൾ സംഭവിച്ചിരിക്കുന്ന അട്ടിമറിയും ബീഹാർ രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യത്തോടെയാണ് വിലയിരുത്തപ്പെടുന്നത്.
31 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ബിജെപിയുടെയും ആര്‍ജെഡിയുടെയും പ്രബല സ്ഥാനാര്‍ത്ഥികളെ പിന്തള്ളി 18,953 വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രശാന്ത് കിഷോറിനുള്ളത്. അന്തിമ കണക്കുകള്‍ വൈകാതെ വ്യക്തമാകും. ബിജെപി തോൽവി സമ്മതിച്ചു കഴിഞ്ഞു. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പരിശോധിക്കുമന്നാണ് ബിജെപി മന്ത്രി കൂടിയായ വിജയ് കുമാർ സിൻഹ പ്രതികരിച്ചത്. ഇവിടെ ആർ.ജെ.ഡി സ്ഥാനാർത്ഥി രേഖാ ഗുപ്ത ഏറെ പിന്നിലായിപ്പോയി എന്നതും ശ്രദ്ധേയം. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ മുന്നേറുന്നത് ബിജെപി ക്യാംപുകളെയും ഞെട്ടിച്ചിട്ടുണ്ട്.
സുരക്ഷിത മണ്ഡലങ്ങള്‍ തെരഞ്ഞെടുക്കാതെ, ജാതി-മത രാഷ്ട്രീയത്തിനപ്പുറം ജനം ചിന്തിക്കണമെന്ന സന്ദേശം നല്‍കാനാണ് ബിജെപിയുടെ ഉറച്ച കോട്ടയായ ബങ്കിപ്പുരില്‍ മത്സരിച്ചതെന്ന് പ്രശാന്ത് കിഷോര്‍ വ്യക്തമാക്കിയിരുന്നു. മുന്‍നിര രാഷ്ട്രീയ തന്ത്രജ്ഞനില്‍ നിന്ന് ജനകീയ നേതാവിലേക്കുള്ള പ്രശാന്ത് കിഷോറിന്റെ മാറ്റമായാവും കന്നിയങ്കത്തിലെ ജയം വിലയിരുത്തപ്പെടുക. ജന്‍സുരാജ് എന്ന പുതിയ രാഷ്ട്രീയ ബദല്‍ ബിഹാര്‍ ജനത സ്വീകരിച്ചു എന്നതിന്റെ തെളിവും കൂടിയാകുമിത്. ആര്‍ജെഡിയുടെയും ബിജെപിയുടെയും പരമ്പരാഗത വോട്ടുബാങ്കുകളില്‍ വലിയ വിള്ളലുണ്ടാക്കാന്‍ ജന്‍സുരാജിന് സാധിച്ചുവെന്നും ഈ മുന്നേറ്റം വ്യക്തമാക്കുന്നു.
1995 മുതൽ ബി.ജെ.പി തുടർച്ചയായി ജയിച്ചുവരുന്ന മണ്ഡലമാണ് ബങ്കിപ്പൂർ. ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ ഏപ്രിലിൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2010 മുതൽ നിതിൻ നബീൻ ആണ് ബങ്കിപ്പൂരിനെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. 2025ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 51,936 വോട്ടുകൾക്കായിരുന്നു നിതിൻ നബീൻ്റെ വിജയം.
തുടക്കത്തിൽ ബി.ജെ.പി നിശ്ചയിച്ചിരുന്ന അഭിഷേക് കുമാർ പത്രിക പിൻവലിച്ചതിനെ തുടർന്നാണ് യുവനേതാവായ നീരജ് കുമാർ സിൻഹയെ ബി.ജെ.പി കളത്തിലിറക്കിയത്. ജൂലൈ 30-ന് നടന്ന വോട്ടെടുപ്പിൽ 34.30 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. വോട്ടെണ്ണലിന് തൊട്ടുമുമ്പ് വരെ ഭരണകൂടവും പോലീസും തിരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിച്ചെന്ന ആരോപണവുമായി പ്രശാന്ത് കിഷോർ രംഗത്തെത്തിയിരുന്നു. ബങ്കിപുർ തിരഞ്ഞെടുപ്പ് ബിജെപി ഭരണത്തിനുള്ള ജനങ്ങളുടെ മറുപടിയായിരിക്കുമെന്ന് നേരത്തെ പ്രശാന്ത് കിഷോർ പ്രതികരിച്ചിരുന്നു. എങ്കിലും അന്നാരും ഇത്രയും വലിയൊരു മുന്നേറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
2025ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടിക്ക് സംസ്ഥാനത്തൊട്ടാകെ 3 ശതമാനത്തിലധികം വോട്ടുകളാണ് ലഭിച്ചത്. സംസ്ഥാനത്തെ ആകെയുള്ള 243 സീറ്റുകളിൽ 238 സീറ്റുകളിലും പാർട്ടി മത്സരിച്ചിരുന്നു. എങ്കിലും ഒരു മണ്ഡലത്തിൽ പോലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ തങ്ങളുടെ രാഷ്ട്രീയ പ്രസക്തി തെളിയിക്കാനുള്ള അവസരമായാണ് ഈ തെരഞ്ഞെടുപ്പിനെ പാർട്ടി കണ്ടത്. കോൺഗ്രസും ആർജെഡിയുമാണ് ബീഹാറിലെ മറ്റ് പ്രധാന പാർട്ടികൾ. RJD നേതാവ് മിസ ഭാരതി മറ്റൊരു ആരോപണമാണ് ഉന്നയിക്കുന്നത്. പ്രശാന്ത് കിഷോർ ബിജെപിയുടെ ചാരനാണെന്നും ഇദ്ദേഹത്തെ ജയിപ്പിക്കാനാണ് അവർ അവിടെ ഒരു ഡമ്മി സ്ഥാനാർത്ഥിയെ നിർത്തിയത് എന്നുമാണ് അവർ ആരോപിക്കുന്നത്.
ബിഹാറിന് പുറമേ മധ്യപ്രദേശിലെ ദതിയ, ഗുജറാത്തിലെ മഞ്ചൽപുർ എന്നിവിടങ്ങളിലും വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കോൺഗ്രസ് എംഎൽഎ രാജേന്ദ്ര ഭാരതിയെ അയോഗ്യനാക്കിയതിനെ തുടർന്നാണ് ദതിയ നിയമസഭ സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യമായി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയ ബിജെപി സ്ഥാനാർഥി അഷുതോഷ് തിവാരിയും കോൺഗ്രസിന്റെ ഘനശ്യാം സിങ്ങുമായാണ് മത്സരം. മുൻ ആഭ്യന്തരമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ നരോത്തം മിശ്രയുടെ മണ്ഡലമാണ് ദതിയ. 2008 മുതൽ 2018 വരെ മണ്ഡലത്തെ പ്രതിനിധീകരിച്ചെങ്കിലും 2023ലെ തെരഞ്ഞെടുപ്പിൽ നരോത്തം പരാജയപ്പെട്ടു. ഇത്തവണ പുതിയ സ്ഥാനാർഥിയെ നിശ്ചയിച്ചത്തു നരോത്തം അനുയായികളെ ചൊടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് തവണ എംഎൽഎ ആയിരുന്നു കോൺഗ്രസ് സ്ഥാനാർഥി ഘനശ്യാം സിങ്. മുതിർന്ന ബിജെപി നേതാവും മുൻ എംഎൽഎയുമായ നരോത്തം മിശ്രയ്ക്ക് സീറ്റ് നിഷേധിച്ചതിനെച്ചൊല്ലി ബിജെപിക്കുള്ളിൽ വൻ പൊട്ടിത്തെറി ഉണ്ടായിരുന്നു.
തുടർച്ചയായി മൂന്ന് തവണ ബിജെപി എംഎൽഎ ആയിരുന്ന യോഗേഷ് ഭായ് നരേന്ദ്രദാസ് പട്ടേലിന്റെ വിയോഗത്തെ തുടർന്നാണ് മഞ്ചൽപൂർ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ബിജെപിയുടെ ശക്തികേന്ദ്രമായ മഞ്ചാൽപൂരിൽ പാർട്ടിക്കായി മത്സരിച്ച സതീഷ് പട്ടേലിൽ വിജയിച്ചു. വഡോദര മുൻസിപ്പൽ കോർപറേഷൻ കൗൺസിലറായിരുന്നു സതീഷ് ഗേവിന്ദ്ഭായ് പട്ടേൽ. മുൻമന്ത്രിയും ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ ഭിഖാഭായ് റബാരിയായിരുന്നു എതിരാളി. 2022ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 182ൽ 156 സീറ്റിലും വിജയിച്ച് റെക്കോർഡ് നേട്ടത്തോടെയാണ് ബിജെപി സർക്കാർ രൂപീകരിച്ചത്.
എന്തായാലും, ബിജെപിയെ സംബന്ധിച്ച് തങ്ങളുടെ ഉറച്ച കോട്ടയിൽ പ്രശാന്ത് കിഷോർ നടത്തുന്ന പടയോട്ടം ദേശീയ രാഷ്ട്രീയത്തിൽ തന്നെ വലിയ കോളിളക്കങ്ങൾക്ക് തുടക്കമിടും എന്ന ഭയം നന്നായിട്ടുണ്ടാകും. ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നതും ധർമേന്ദ്ര പ്രധാന് രാജിവെക്കേണ്ടി വന്നതിന്റേയും നാണക്കേടും ക്ഷീണവും ഒന്ന് മാറി വരുന്നതേയുള്ളൂ. അതിന് മുന്നേയാണ് അടുത്ത പ്രഹരം ഏറ്റിരിക്കുന്നത്. ഇത് ദേശിയ രാഷ്ട്രീയത്തിലെ മാറി വരുന്ന ട്രെൻഡിന്റെ സൂചനയായാണ് പ്രതിപക്ഷം കാണുന്നത്.











