ന്യൂഡൽഹി: പാലക്കാട് കഞ്ചിക്കോട് സ്ഥാപിക്കുമെന്ന് വർഷങ്ങളായി പ്രഖ്യാപിച്ചിരുന്ന കോച്ച് ഫാക്ടറി പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു. രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എം.പി. ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ കോച്ച് ഫാക്ടറികളുടെ ആവശ്യമില്ലെന്നും നിലവിലുള്ള നിർമാണശാലകൾ റെയിൽവേയുടെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണെന്നും മന്ത്രി മറുപടിയിൽ അറിയിച്ചു. പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി റെയിൽവേയുടെ ഭാവി വികസന പദ്ധതികൾക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2008-09ലെ റെയിൽവേ ബജറ്റിലാണ് കേരളത്തിനായുള്ള പ്രധാന വ്യവസായ പദ്ധതിയായി കഞ്ചിക്കോട് കോച്ച് ഫാക്ടറി പ്രഖ്യാപിച്ചത്. 1,215 കോടിയിലധികം രൂപയുടെ നിക്ഷേപത്തോടെ പ്രതിവർഷം 600 കോച്ചുകൾ നിർമ്മിക്കാനുള്ള ശേഷിയുള്ള ഫാക്ടറിയായിരുന്നു വിഭാവനം ചെയ്തിരുന്നത്.
പദ്ധതിക്കാവശ്യമായ ഭൂമി കേരള സർക്കാർ ഏറ്റെടുത്ത് റെയിൽവേയ്ക്ക് കൈമാറുകയും 2012 ഫെബ്രുവരിയിൽ പദ്ധതിയുടെ തറക്കല്ലിടുകയും ചെയ്തിരുന്നു. എന്നാൽ വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ പദ്ധതി ഉപേക്ഷിച്ചതായി കേന്ദ്ര സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.











