പാസ്പോര്‍ട്ടുകളുടെ ആധുനിക രൂപമായ ഇ–പാസ്പോര്‍ട്ട് പുറത്തിറക്കി ഇന്ത്യ. പുതു തലമുറ സൗകര്യങ്ങളും അധിക സുരക്ഷയും ഇ–പാസ്പോര്‍ട്ടുകളിലുണ്ടാവും. എന്താണ് സാധാരണ പാസ്പോര്‍ട്ടും ഇ–പാസ്പോര്‍ട്ടും തമ്മിലുള്ള വ്യത്യാസം? ഇ–പാസ്പോര്‍ട്ടിനായി എങ്ങനെ അപേക്ഷിക്കാം? എവിടെ നിന്നാണ് ഇ–പാസ്പോര്‍ട്ട് ലഭിക്കുക?
നിലവില്‍ ജമ്മു, ഗോവ, നാഗ്പൂര്‍, ഷിംല, ഭുവനേശ്വര്‍, ഡല്‍ഹി, റാഞ്ചി, സൂറത്ത്, ഹൈദരാബാദ്, ചെന്നൈ, ജയ്പൂര്‍, അമൃത്സര്‍, റായ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നു മാത്രമാണ് ഇ പാസ്പോര്ട്ടുകള് ലഭിക്കുകയെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. സമീപഭാവിയില്‍ രാജ്യത്തെ എല്ലാ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ നിന്നും ഇ–പാസ്പോര്‍ട്ട് ലഭ്യമാവും.
ഗുണങ്ങള്‍
- ഇ–പാസ്പോര്‍ട്ടിന്റെ പിന് കവറില്‍ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ചിപ്പും(RFID) ആന്റിനയും ഉണ്ടാവും. പാസ്പോര്‍ട്ട് ഉടമയുടെ ചിത്രങ്ങളും വിരലടയാളവും ജന്മദിനവും പാസ്പോര്‍ട്ട് നമ്പറും അടക്കമുള്ള വിവരങ്ങള്‍ ഈ ചിപ്പിലുണ്ടാവും. രാജ്യാന്തര നിയമങ്ങള്‍ക്ക് അനുസരിച്ചാണ് ഈ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുക. അതുകൊണ്ടുതന്നെ ഇത്തരം വിവരങ്ങള്‍ ചോര്‍ന്നു പോവാനുള്ള സാധ്യത കുറവാണ്.
- ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്നതാണ് ഇ–പാസ്പോര്‍ട്ടിന്റെ പ്രധാന ഗുണം. ഇ–പാസ്പോര്‍ട്ടുകളിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുന്ന ഇ ഗേറ്റുകള്‍ വഴി എളുപ്പത്തില്‍ യാത്രികര്‍ക്ക് പോവാനാവും.
എങ്ങനെ അപേക്ഷിക്കാം?
സാധാരണ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നതു പോലെ തന്നെയാണ് ഇ–പാസ്പോര്‍ട്ടിനായും അപേക്ഷ നല്‍കേണ്ടത്. പാസ്പോര്‍ട്ട് സേവ കന്ദ്രങ്ങള്‍ വഴിയാണ് പൗരന്മാര്ക്ക് ഇ– പാസ്പോര്‍ട്ട് അപേക്ഷ നല്‍കാനാവുക. അടുത്തുള്ള പാസ്പോര്‍ട്ട് സേവ കേന്ദ്രത്തേയോ പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവ കേന്ദ്രത്തേയോ ബന്ധപ്പെട്ട് ബയോ മെട്രിക് വിവരങ്ങള്‍ കൈമാറിയാല്‍ പാസ്പോര്‍ട്ടിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും.
ഇ–പാസ്പോര്‍ട്ടുള്ള മറ്റു രാജ്യങ്ങള്‍
അമേരിക്ക, കാനഡ, മെക്സിക്കോ, പെറു, കൊളംബിയ, ചിലി, ബ്രസീല്‍, അര്‍ജന്റീന, ജര്‍മനി, യുകെ, ഇറ്റലി, ഫ്രാന്‍സ് എന്നിങ്ങനെ നിരവധി രാജ്യങ്ങളില്‍ ഇ–പാസ്പോര്‍ട്ട് സംവിധാനമുണ്ട്.






