ലാഹോർ: ഇന്ത്യൻ ചിത്രം ധുരന്ധർ 2ന്റെ വ്യാജപതിപ്പ് ടിവിയിൽ കാണുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് പാകിസ്താനി മാധ്യമപ്രവർത്തകൻ. ലാഹോറിൽ നിന്നാണ് സംഭവം പുറത്തുവന്നത്. ഖാലിദ് മെഹ്മൂദ് എന്ന മാധ്യമ പ്രവർത്തകനാണ് രൺവീർ സിംഗ് അഭിനയിച്ച ചിത്രത്തിന്റെ പൈറേറ്റഡ് പതിപ്പ് കാണുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. താൻ ലാഹോറിലിരുന്ന് സിനിമ കാണുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ സംവിധായകൻ ആദിത്യ ധർനെ ടാഗ് ചെയ്തുമുണ്ട്.
മാർച്ച് 19-നാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്തത്. എന്നാൽ പാകിസ്താനിലും ഗൾഫ് രാജ്യങ്ങളിലും ചിത്രത്തിന് പ്രദർശന വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് പൈറേറ്റഡ് പതിപ്പ് പ്രചരിക്കുന്നത്. വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ നിരവധി പ്രതികരണങ്ങൾ ഉയർന്നു. ചിത്രം മികച്ചതായതിനാലാണ് നിരോധനം മറികടന്ന് ആളുകൾ കാണുന്നതെന്ന് ചിലർ അഭിപ്രായപ്പെട്ടു. മറ്റുചിലർ വീഡിയോയിലെ ടിവി സ്ക്രീനിലെ പ്രശ്നങ്ങളെക്കുറിച്ചും പരിഹസിച്ചു.
പാകിസ്താനിൽ ഇന്ത്യൻ സിനിമകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത് പുതുമയല്ല. മുൻപ് പുറത്തിറങ്ങിയ ധുരന്ധർ ചിത്രത്തിനും സമാനമായി വ്യാജപതിപ്പുകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ചിത്രത്തിന്റെ ആദ്യഭാഗത്തിൽ ആർ മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. സംവിധായകൻ ആദിത്യ ധർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയത്.






