തൃശ്ശൂർ: കുടുംബവഴക്കിനെ തുടർന്ന് മനക്കൊടിയിൽ വാടകവീട്ടിൽ താമസിക്കുന്ന യുവതിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ.
മലപ്പുറം പൊന്നാനി കോട്ടത്തറ സ്വദേശിനിയായ കളരിപറമ്പിൽ വീട്ടിൽ അമൃത (23)യ്ക്കാണ് ഗുരുതര പരിക്കേറ്റത്. സംഭവത്തിൽ ഭർത്താവായ മലപ്പുറം എടപ്പാൾ സ്വദേശി കളരിപറമ്പിൽ ജിതിൻ പ്രകാശ് (24) നെ തൃശ്ശൂർ റൂറൽ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. മനക്കൊടിയിലെ വാടകവീട്ടിൽ ഉണ്ടായ കുടുംബ തർക്കമാണ് ആക്രമണത്തിലേക്ക് നീങ്ങിയതെന്നാണ് പോലീസ് പറയുന്നത്.
കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ തന്നെ ആക്രമണം നടത്തിയതായും പരാതിയിൽ വ്യക്തമാക്കുന്നു. പരിക്കേറ്റ അമൃതയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമൃതയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്തിക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കേഴ്സൺ വി.എൻ, എസ്.ഐ ഡെന്നി, ജി.എ.എസ്.ഐ വിജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. തുടർനടപടികൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.




