റായ്പൂർ: ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ വനിതാ മാവോയിസ്റ്റ് കമാൻഡർ കൊല്ലപ്പെട്ടു. ഛോട്ടേ ബേട്ടിയയിലെ വനപ്രദേശത്തുണ്ടായ വെടിവയ്പ്പിലാണ് രൂപി മരിച്ചത്.
ഇവർക്കായി അഞ്ച് ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായി അധികൃതർ അറിയിച്ചു. മാവോയിസ്റ്റ് സാന്നിധ്യം സംബന്ധിച്ച രഹസ്യവിവരത്തെ തുടർന്നാണ് സുരക്ഷാസേന പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചത്. ഇതിനിടെ ഇരുപക്ഷവും തമ്മിൽ വെടിവയ്പ്പുണ്ടാകുകയായിരുന്നു.
സംഭവസ്ഥലത്ത് നിന്ന് രൂപിയുടെ മൃതദേഹത്തിനൊപ്പം ആയുധവും കണ്ടെത്തിയതായി സുരക്ഷാസേന വ്യക്തമാക്കി. പ്രദേശത്ത് മറ്റ് മാവോയിസ്റ്റുകൾ ഒളിച്ചിരിക്കാമെന്ന സംശയത്തെ തുടർന്ന് തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ മാസം ആദ്യം, ബിജാപൂർ ജില്ലയിൽ നടന്ന സമാന ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.




