തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാല് ദിവസമായിട്ടും കൃത്യമായ പോളിങ് കണക്കുകൾ പുറത്തുവിടാത്തതിൽ ദുരൂഹതയെന്ന് മന്ത്രി വി ശിവൻകുട്ടി. ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ട്, സർവീസ് വോട്ട്, പോസ്റ്റൽ വോട്ട്, വീട്ടിലെ വോട്ട് എന്നിവയൊക്കെ ചേർത്ത അന്തിമ കണക്ക് ഉടൻ തന്നെ പുറത്തുവിടണം. വോട്ടെടുപ്പ് കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും ഈ കണക്കുകൾ കൃത്യമായി നൽകുന്നതിൽ കമീഷന്റെ മുന്നിലുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. നേരത്തേ പ്രതിപക്ഷ നേതാവ് വിഡി സതീശനും വിഷയത്തിൽ രംഗത്ത് വന്നിരുന്നു.
സാങ്കേതിക വിദ്യ ഇത്രയേറെ വികസിച്ച കാലത്ത് വിവരങ്ങൾ ക്രോഡീകരിക്കാൻ ഇത്രയും കാലതാമസം വരുന്നത് ജനാധിപത്യ പ്രക്രിയയുടെ സുതാര്യതയെ ചോദ്യം ചെയ്യുന്നതാണ്. ജനങ്ങൾക്കിടയിലുള്ള ആശങ്ക പരിഹരിക്കാൻ കമീഷൻ അടിയന്തരമായി ഇടപെടുകയും എല്ലാ വിഭാഗം വോട്ടുകളുടെയും കൃത്യമായ കണക്ക് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുകയും വേണമെന്നും ശിവൻകുട്ടി പറഞ്ഞു. 78.27 ശതമാനം പോളിങ്ങ് കേരളത്തിൽ നടന്നുവെന്ന്‌മാത്രമാണ് കമീഷൻ പറയുന്നത്. കമീഷന്റെ പോർട്ടലിൽ മണ്ഡലങ്ങൾ തിരിച്ചുള്ള ഹോം വോട്ടും തപാൽ വോട്ടും ചേർത്തിട്ടില്ല.




