ദോഹ: ഫിഫ അണ്ടർ-17 ലോകകപ്പിൽ ഖത്തർ ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇറങ്ങുന്നു. ആസ്പയറിലെ മൻസൂർ മുഫ്താഹ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഖത്തറിന് ബൊളീവിയയാണ് എതിരാളി. ടൂർണമെന്റിലെ ആദ്യ വിജയം നേടുക മാത്രമാണ് ഖത്തറിന്റെ ലക്ഷ്യം.
ബൊളീവിയയെ കൂടാതെ ഇറ്റലി, ദക്ഷിണാഫ്രിക്ക ടീമുകളോടൊപ്പം ഗ്രൂപ്പ് ‘എ’യിലാണ് ഖത്തറുള്ളത്. ഗ്രൂപ്പിൽ ആറ് പോയിന്റുമായി മുന്നിലുള്ള ഇറ്റലി നാല് പോയിന്റോടെ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയെ ആസ്പയർ സ്റ്റേഡിയം നമ്പർ 9-ൽ ഇന്ന് നേരിടും.
ഖത്തർ ആദ്യ മത്സരത്തിൽ ഇറ്റലിയോട് 1-0ന് തോറ്റു, ദക്ഷിണാഫ്രിക്കയുമായി 1-1 സമനിലയിൽ പിരിഞ്ഞു. അതിനാൽ, നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാൻ ബൊളീവിയക്കെതിരെ വിജയം അനിവാര്യമാണ്.
48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 12 ഗ്രൂപ്പുകളായി വിഭജിച്ചിട്ടുണ്ട്. ഓരോ ഗ്രൂപ്പിൽ നിന്നുള്ള രണ്ട് മികച്ച ടീമുകളും 8 മികച്ച മൂന്നാം സ്ഥാനക്കാരും 32 ടീമുകളുടെ റൗണ്ട് ഓഫ് 32-ലേക്ക് പ്രവേശിക്കും. ആസ്പയർ സ്പോർട്സ് കോംപ്ലക്സിലെ എട്ട് സ്റ്റേഡിയങ്ങളിലായി 104 മത്സങ്ങൾ നടക്കും. ഫൈനൽ മത്സരം നവംബർ 27-ന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും.






