പാലക്കാട്: ആലത്തൂർ താലൂക്ക് ആസ്ഥാന ആശുപത്രിയുടെ സൗകര്യങ്ങൾ ഗണ്യമായി മെച്ചപ്പെടുത്തുന്ന നടപടികളുടെ ഭാഗമായി കിഫ്ബി പദ്ധതിയിൽ നിന്ന് 14.40 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ ഒപി ബ്ലോക്ക് കെട്ടിടവും നവീകരിച്ച അത്യാഹിത വിഭാഗം കെട്ടിടവും ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കെ.ഡി. പ്രസേനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പി.പി. സുമോദ് എംഎൽഎ, ആരോഗ്യ വകുപ്പ് ഡയറക്ടർ കെ.ജെ. റീന എന്നിവർ മുഖ്യാതിഥികളായി.
പുതിയ ഒപി ബ്ലോക്ക് പ്രവർത്തനം ആരംഭിക്കുന്നതോടെ രോഗികൾക്ക് കൂടുതൽ സൗകര്യപ്രദമായ ചികിത്സാ സേവനങ്ങൾ ലഭ്യമാകുമെന്നും, അടിയന്തര ചികിത്സാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
അത്യാഹിത വിഭാഗം നവീകരിച്ചതിലൂടെ 24 മണിക്കൂർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ ജില്ല മെഡിക്കൽ ഓഫീസർ ടി.വി. റോഷ്, ആലത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഹരിത സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. അംബിക, ജില്ല പഞ്ചായത്തംഗം പി.കെ. ഷിബി കൃഷ്ണ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എസ്. അലി, ബ്ലോക്ക് പഞ്ചായത്തംഗം തൻഷില റബിൻ, പഞ്ചായത്തംഗം ഷഹന നജീബ്, ജബ്ബാർ, എ.കെ. മുഹമ്മദ് റാഫി, എസ്. ഗോപി, എ. സലീംകുട്ടി എന്നിവർ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ആർ. ശ്രീജ ചടങ്ങിന് നന്ദി അറിയിച്ചു.
പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ആലത്തൂർ മേഖലയിലെ പൊതുജനങ്ങൾക്ക് മികച്ച ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിന് വലിയ മുന്നേറ്റമായിരിക്കുമെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.






