ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിൽ പെട്രോൾ പമ്പിലുണ്ടായ തീപിടിത്തത്തിൽ 12 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ഏകദേശം ഒമ്പത് മണിയോടെ പച്ചോർ പട്ടണത്തിലെ പമ്പിലാണ് സംഭവം ഉണ്ടായത്. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
പെട്രോൾ നിറയ്ക്കാനെത്തിയ ബൈക്കിൽ നിന്നുണ്ടായ തീപ്പൊരിയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ധനം നിറയ്ക്കുന്നതിനിടെ തീ പടർന്നതോടെ പമ്പിൽ ശക്തമായ തീപിടിത്തവും പിന്നാലെ സ്ഫോടനങ്ങളും ഉണ്ടായതായി പൊലീസ് വ്യക്തമാക്കി. തീ പിന്നീട് പമ്പിൽ നിർത്തിയിരുന്ന ഡീസൽ ടാങ്കറിലേക്കും പടർന്നു. അപകടത്തിൽ 12 ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചു.
അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഏറെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ ഒരാളെ വിദഗ്ധ ചികിത്സയ്ക്കായി ഇൻഡോറിലേക്ക് മാറ്റിയിട്ടുണ്ട്. അഞ്ച് പേർ ഷാജാപൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






