നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ദൂരം മാസങ്ങളുടേത് മാത്രമാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് സംഘടനാപരമായി ഇനിയും കോൺഗ്രസിന് ഒരുപാട് ദൂരം താണ്ടെണ്ടതായിട്ടുണ്ട്. സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിക്ക് ഇനിയും ഒരു നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുവാനുള്ള ഗൗരവം ഒന്നും കൈ വന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
ഭൂരിഭാഗം ഡിസിസികളും നിർജീവമാണ്. ഇത്രയും ജീർണ്ണിച്ച ഒരു അവസ്ഥയിൽ ഏതുതരത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിന് അഭിമുഖീകരിക്കുക എന്നത് കെപിസിസി നേതൃത്വത്തെ പോലും കുഴപ്പിക്കുന്ന ചോദ്യമാണ്. കെ സി വേണുഗോപാൽ കോൺഗ്രസിലെ കിരീടവും ചെങ്കോലും അണിയുന്ന കാലത്തായിരുന്നു ഡിസിസി പുനസംഘടന മുൻപ് നടന്നിരുന്നത്. കെ സി വേണുഗോപാലുമായി ബന്ധമുള്ള നേതാക്കളെയാണ് ഭൂരിഭാഗം ജില്ലകളിലും നിയോഗിച്ചത്. വലിയ പ്രതീക്ഷകളോടെ ആയിരുന്നു ഡിസിസി പുനസംഘടന നടത്തിയിരുന്നതെങ്കിൽ അത് വലിയതോതിൽ പാളുന്ന കാഴ്ചയാണ് എല്ലാവരും കണ്ടത്.
വീണ്ടും ഇപ്പോൾ ഡിസിസി പുനഃസംഘടന വേണമെന്ന ആവശ്യം കോൺഗ്രസിനുള്ളിൽ വ്യാപകമായി ഉയർന്നിരിക്കുകയാണ്. അടുത്ത ദിവസങ്ങളിൽ തന്നെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ ഉൾപ്പെടെയുള്ളവർ തുടർച്ചകൾക്കായി ഡൽഹിയിലേക്ക് പോകുന്നുമുണ്ട്. ഒൻപത് ഡിസിസി പ്രസിഡൻ്റുമാരെ മാറ്റിയേക്കും. പ്രവർത്തന മികവ് പുലർത്തിയവരെ മാറ്റേണ്ടതില്ലെന്ന് തീരുമാനമുണ്ടായതിനാൽ അഞ്ച് ഡിസിസി പ്രസിഡൻ്റുമാർ തുടരും.
കണ്ണൂർ, കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലെ പ്രസിഡന്റുമാരെയാകും നിലനിർത്തുക. ബ്ലോക്ക് തലത്തിലെ പ്രവർത്തനം, ജില്ലാ കമ്മിറ്റി ഓഫീസ് നിർമാണം എന്നിവയെല്ലാമാണ് കോഴിക്കോട് ജില്ലാ അധ്യക്ഷൻ കെ പ്രവീൺകുമാറിന് ഗുണമായത്. നിലമ്പുർ ഉപതെരഞ്ഞെടുപ്പ് സമയത്ത് പക്വതയോടെ ഇടപെട്ടതാണ് മലപ്പുറം ജില്ലാ അധ്യക്ഷൻ വി എസ് ജോയിക്ക് ഗുണമായത്. യുവനേതാവ്, സമരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നയാൾ എന്ന ഇമേജ് എറണാകുളം ജില്ലാ അധ്യക്ഷൻ മുഹമ്മദ് ഷിയാസിനുണ്ട്. അതുകൊണ്ടുതന്നെ ഷിയാസിനെ മാറ്റിയേക്കില്ല. തൃശ്ശൂരിൽ പുതിയ ഡിസിസി അധ്യക്ഷൻ ചുമതലയേറ്റെടുത്ത് അധികമായിട്ടില്ല എന്നതിനാൽ അവിടെ മാറ്റമുണ്ടാകില്ല.
തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി നിർജീവമാണെന്ന വലിയ പരാതി പാർട്ടിക്കുള്ളിൽ പല ഘട്ടങ്ങളിലും ഉയർന്നിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രവർത്തകരും അത്തരം വികാരങ്ങൾ പല ഘട്ടങ്ങളിലും പങ്കുവെച്ചിരുന്നു. എന്നാൽ നേതാക്കളുമായുള്ള വലിയ അടുപ്പം കൊണ്ടുതന്നെ രവി ആ സ്ഥാനത്ത് തുടരുകയായിരുന്നു. അതിനിടയിലാണ് ചില വിവാദങ്ങളിൽ കൂടി അദ്ദേഹം പെടാൻ ആരംഭിച്ചതും അതുവഴി പ്രസിഡണ്ട് സ്ഥാനം തെറിക്കുന്നതിന് വഴിവെച്ചതും. സ്വന്തം പഞ്ചായത്തിൽ പാർട്ടി പരാജയപ്പെട്ടത് പാലോടിന് തിരിച്ചടിയായി. ദേശീയ ഗാനം തെറ്റിച്ചു പാടി പാർട്ടിയെ ഒരു ഘട്ടത്തിൽ പ്രതിരോധത്തിലാക്കി.
ഏറ്റവും ഒടുവിൽ കോൺഗ്രസ് ഇനി അധികാരത്തിൽ വരില്ല എന്ന നിലയ്ക്ക് നടത്തിയ ശബ്ദ സന്ദേശം പുറത്തേക്ക് കൂടി വന്നതോടെ പാലോട് രവിയുടെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തിന് പുറത്തേക്കുള്ള വഴിയും എളുപ്പം തുറന്നു. ദേശീയതലത്തിലും സംസ്ഥാനത്തും കോൺഗ്രസ് എത്രയോ നാളുകളായി അധികാരത്തിന് പുറത്താണ്. അങ്ങനെ തുടർച്ചയായ അധികാരത്തിന് പുറത്തുള്ള രാഷ്ട്രീയപാർട്ടിയെ സംബന്ധിച്ച് സമരവേലിയേറ്റങ്ങളുടെ കാലമാണിത്.
അങ്ങനെ തുടർ സമരങ്ങൾ നടത്തണമെങ്കിൽ അത് ഏറ്റവും അധികം നടക്കേണ്ട ഇടം തിരുവനന്തപുരം ആണ്. സ്വാഭാവികമായും ഡിസിസി മോശമായതുകൊണ്ട് തന്നെ തലസ്ഥാനം നഗരിയിൽ സമരങ്ങളും പരിപാടികളും പൊതുവേ കുറവായിരുന്നു. മാത്രവുമല്ല സെക്രട്ടറിയേറ്റും നിയമസഭയും ഉൾപ്പെടെയുള്ള പ്രധാന ഭരണ നിർവഹണ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്ത് പരമാവധി ആളെ കൂട്ടിയുള്ള സമരങ്ങൾ നടത്തുവാനും കോൺഗ്രസിന് പലപ്പോഴും കഴിഞ്ഞിട്ടില്ല. വിദ്യാർത്ഥി യുവജന സംഘടനകൾക്ക് തലസ്ഥാനനഗരിയിൽ വേണ്ടത്ര പിന്തുണ നൽകുവാനും ഡിസിസിക്ക് കഴിഞ്ഞിട്ടില്ല. ഇത്തരം പരാതികളെല്ലാം ഉയർന്ന പശ്ചാത്തലത്തിൽ ആയിരുന്നു ശബ്ദ സന്ദേശം കൂടി പുറത്തു വന്നപ്പോൾ മറ്റൊന്നും നോക്കാതെ രവിയോട് തൽക്കാലം വീട്ടിലിരിക്കാൻ പാർട്ടി പറഞ്ഞത്.
തിരുവനന്തപുരത്തിന് പുറമേ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ഉൾപ്പെടെ തെക്കൻ കേരളത്തിലെ ഡിസിസികൾ പൊതുവേ നിർജീവമാണ്. മധ്യകേരളം എടുത്തു പരിശോധിച്ചാലും എറണാകുളം ഒഴികെ മറ്റുള്ള ജില്ലകളിലെ കമ്മിറ്റികൾ ചുക്കിനും ചുണ്ണാമ്പിനും പോലും കൊള്ളാത്തതാണ്. അതേസമയം, കെപിസിസിയിലും സമഗ്ര അഴിച്ചുപണി ഉണ്ടായേക്കില്ല. ഭാരവാഹികളായ ഭൂരിഭാഗം പേരെയും നിലനിർത്താനാണ് തീരുമാനം. പരമാവധി 85 ഭാരവാഹികളെ ഉൾപ്പെടുത്താനാണ് നിലവിൽ ആലോചനകൾ നടക്കുന്നത്. അഞ്ച് വൈസ് പ്രസിഡന്റുമാരെ നിയമിക്കാനും നീക്കമുണ്ട്. ഓഗസ്റ്റ് മാസത്തിൽ തന്നെ മുഴുവൻ പുനസംഘടന നടപടികളും പൂർത്തിയാക്കുവാൻ ആണ് നിലവിൽ നേതൃത്വം ആലോചിക്കുന്നത്.






