തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ നദികളില്‍ ഓറഞ്ച് – യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് പ്രളയ സാധ്യത മുന്നറിയിപ്പിന്റെ ഭാഗമായാണ് ഓറഞ്ച് – മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ടയില്‍ മണിമല, അച്ചന്‍കോവില്‍ നദികളിലാണ് സംസ്ഥാനത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ വാമനപുരം, കൊല്ലത്തെ പള്ളിക്കല്‍, പത്തനംതിട്ടയില്‍ പമ്പ, കാസര്‍ഗോഡ് ജില്ലയിലെ മൊഗ്രാല്‍, ഉപ്പള തുടങ്ങിയ നദികളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.






