ചെന്നൈ: അശോക് നഗറില്‍ ഫുഡ് ഡെലിവറി ജീവനക്കാരനായ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യയും ഭാര്യാമാതാവും ഉള്‍പ്പെടെ 6 പേര് അറസ്റ്റില്‍. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ഏജന്റായ ആര്.കലൈയരസന്‍ (23) കൊല്ലപ്പെട്ട കേസിലാണ് ഇയാളുടെ ഭാര്യ തമിഴരസിയെയും ഭാര്യാമാതാവ് ശാന്തിയയെയും (45) പൊലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ഒന്നര വര്‍ഷമായി വേര്‍പിരിഞ്ഞു താമസിച്ചിരുന്ന കലൈയരസന്‍, ഇടയ്ക്കിടെ ഭാര്യ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. രണ്ടു കുടുംബങ്ങളും ഒരേ അയല്പക്കത്ത് താമസിച്ചിരുന്നതിനാല്‍, തര്‍ക്കം പതിവായി. തുടര്‍ന്നാണു കൊലപാതകത്തിന് ആസൂത്രണം ചെയ്തത്. കഴിഞ്ഞ 15നു പുലര്‍ച്ചെ ബൈക്കിലെത്തിയ 2 പേര് കലൈയരസനെ വടിവാളു കൊണ്ടു വെട്ടി വീഴ്ത്തുകയായിരുന്നു. ചികിത്സയിലിരിക്കെ ഇയാള്‍ മരിച്ചു.
സംഭവത്തില്‍ ഭാര്യയുടെ ബന്ധുക്കളായ 4 യുവാക്കള്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു തമിഴരസിയും ശാന്തിയും അറസ്റ്റിലായത്. ഇരുവര്‍ക്കും കൊലപാതക ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നുവെന്നും കുറ്റകൃത്യത്തില്‍ പങ്കാളികളായിരുന്നുവെന്നും പൊലീസ് പറഞ്ഞു.






