കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മരുതോങ്കര അംബേദ്കർ ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ഭക്ഷ്യവിഷബാധ. ഞായറാഴ്ച രാത്രി ഭക്ഷണം കഴിച്ച 31 വിദ്യാർഥിനികൾക്ക് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് മരുതോങ്കര കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച തയ്യാറാക്കിയ ചിക്കൻ കറിയിൽ നിന്നാണ് വിഷബാധയുണ്ടായതെന്നാണ് പ്രാഥമിക സംശയം. രാത്രി ഭക്ഷണത്തിന് പിന്നാലെ ചിലർക്കാണ് ആദ്യം അസ്വസ്ഥത അനുഭവപ്പെട്ടത്. തിങ്കളാഴ്ച രാവിലെ കൂടുതൽ വിദ്യാർഥിനികൾക്കും സമാന ലക്ഷണങ്ങൾ പ്രകടമായതോടെയാണ് എല്ലാവരെയും ചികിത്സയ്ക്കായി ആരോഗ്യകേന്ദ്രത്തിലെത്തിച്ചത്.
വിദ്യാർഥിനികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് ഹെൽത്ത് സൂപ്പർവൈസറുടെ നേതൃത്വത്തിൽ സ്കൂളിൽ പരിശോധന നടത്തി.










