ബാങ്കോക്ക്: തായ്‌ലൻഡിൽ പ്രാദേശിക ഫുട്‌ബോൾ മത്സരത്തിനിടെ മിന്നലേറ്റ് 24 വയസ്സുകാരനായ താരം മരിച്ചു. സൊഫ്‌വാൻ അവെയ് എന്ന കളിക്കാരനാണ് മരിച്ചത്. ഗൊലോക് എഫ്എ കപ്പ് എന്ന പ്രാദേശിക ടൂർണമെന്റിനിടെയാണ് അപകടം ഉണ്ടായത്. സൊഫ്‌വാൻ കളിച്ചിരുന്ന സംകോൽറ്റ്‌സ് ടീമും അബു നോങ് സിറിൻ ടീമും തമ്മിലുള്ള മത്സരത്തിനിടെയാണ് മിന്നലാക്രമണം ഉണ്ടായത്. അപകടത്തിൽ ഗ്രൗണ്ടിലുണ്ടായിരുന്ന 12 കളിക്കാർക്കും പരിക്കേറ്റു. വിങ്ങർ പൊസിഷനിൽ കളിച്ചിരുന്ന സൊഫ്‌വാനെ മെഡിക്കൽ സംഘം രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മഴയ്ക്കിടെ മത്സരം നടക്കുന്നതിനിടെയാണ് മിന്നൽ മൈതാനത്ത് പതിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മിന്നൽ പതിച്ചതിന് പിന്നാലെ കളിക്കാർ സൊഫ്‌വാന്റെ അടുത്തേക്ക് ഓടിയെത്തുന്നതും ദൃശ്യങ്ങളിൽ കാണാം.
കാലാവസ്ഥ മോശമായ സമയത്ത് മത്സരം നടത്തിയതിനെതിരെ ചിലർ വിമർശനം ഉയർത്തി. ഇത്തരം സാഹചര്യങ്ങളിൽ കൂടുതൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. തായ്‌ലൻഡ് ഫുട്‌ബോൾ അസോസിയേഷൻ സൊഫ്‌വാന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. 2020 മുതൽ 2024 വരെ തായ്‌ലൻഡിൽ മിന്നലേറ്റ് 283 പേർ മരിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.




