തൃശൂര്‍: കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. 18 വയസുകാരിയായ റിയാ ഫാത്തിമയും ചികിത്സയിലായിരുന്ന 50 വയസുകാരിയുമാണ് മരിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ ജോബിയെ തൃശൂർ അമല ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്കും ശ്വാസകോശത്തിനും ഗുരുതര പരിക്കേറ്റ നിലയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.
കുന്നംകുളം പാറേമ്പാടത്ത് വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് കാറും ഓട്ടോറിക്ഷയും ബൈക്കും ഉൾപ്പെടെ അഞ്ച് വാഹനങ്ങളിൽ ഇടിച്ചുകയറുകയായിരുന്നു.
ബസ് അമിതവേഗത്തിലായിരുന്നുവെന്ന് അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവർ ആരോപിച്ചു. കുന്നംകുളത്ത് നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് നിയന്ത്രണം വിട്ട ബസ് തന്റെ വാഹനത്തിലിടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്നും ഡ്രൈവർ കൂട്ടിച്ചേർത്തു.
അപകടത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




