തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധിയിൽ നടപടികളുമായി ആരോഗ്യവകുപ്പ്. ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ ജില്ലാതല നിരീക്ഷണ സമിതികൾ രൂപീകരിക്കും. മരുന്ന് ലഭിക്കുന്നില്ലെന്ന പരാതികൾ വ്യാപകമായതിനെ തുടർന്ന് ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി.
ആവശ്യ മരുന്നുകളുടെ സ്റ്റോക്ക് സമിതി നേരിട്ട് പരിശോധിക്കും. മരുന്നുകളുടെ ക്ഷാമവും വിതരണവും വിലയിരുത്തുന്നതിനൊപ്പം ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്യും. കെഎംഎസ്‌സിഎൽ മുഖേനയുള്ള മരുന്ന് വിതരണത്തിലെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതും സമിതിയുടെ ചുമതലയായിരിക്കും.
അഡീഷണൽ ഡിഎംഒമാരുടെയോ ഡെപ്യൂട്ടി ഡിഎംഒമാരുടെയോ നേതൃത്വത്തിലായിരിക്കും ജില്ലാതല നിരീക്ഷണ സമിതികൾ പ്രവർത്തിക്കുക.




