കോയമ്പത്തൂർ: പാകിസ്താൻ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പിൽ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങൾ ചോർത്തിയെന്ന കേസിൽ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ 31-കാരൻ പ്രദീപ് മുഖർജിയെയാണ് ആന്ധ്രാപ്രദേശ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് സെൽ ശനിയാഴ്ച കോയമ്പത്തൂരിൽ അറസ്റ്റ് ചെയ്തത്.
കോയമ്പത്തൂരിലെ നാവികസേനാ നേതൃത്വ പരിശീലന കേന്ദ്രമായ ഐഎൻഎസ് അഗ്രണിയിൽ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് കോഴ്‌സിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. 2014ൽ സെയിലറായി നാവികസേനയിൽ ചേർന്ന പ്രദീപ്, വിശാഖപട്ടണം ആസ്ഥാനമായ ഈസ്റ്റേൺ നേവൽ കമാൻഡിന് കീഴിലായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്. കോഴ്‌സിൽ പങ്കെടുക്കുന്നതിനായി ഒരാഴ്ച മുമ്പാണ് ഇയാൾ ഐഎൻഎസ് അഗ്രണിയിലെത്തിയത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് സമൂഹമാധ്യമം വഴിയാണ് പാകിസ്താൻ വനിതാ രഹസ്യാന്വേഷണ ഏജന്റ് പ്രദീപിനെ ഹണിട്രാപ്പിൽ കുടുക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സൗഹൃദം സ്ഥാപിച്ചശേഷം വിശാഖപട്ടണം നാവികസേനാ താവളവുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങൾ ഇവർ പ്രദീപിൽനിന്ന് ചോർത്തിയെന്നാണ് ആരോപണം. നാവിക സ്വത്തുക്കൾ, കപ്പൽ നീക്കങ്ങൾ, പ്രവർത്തന രീതികൾ തുടങ്ങിയ വിവരങ്ങളാണ് കൈമാറിയതെന്നാണ് റിപ്പോർട്ട്.
പ്രദീപിന്റെ സംശയാസ്പദമായ ഇടപെടലുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആന്ധ്രാപ്രദേശ് പൊലീസിന്റെ പ്രത്യേക വിഭാഗം ഇയാളെ നിരീക്ഷണത്തിലാക്കി. രഹസ്യ വിവരങ്ങൾ കൈമാറിയതിൽ പ്രദീപിന്റെ പങ്ക് സ്ഥിരീകരിച്ചതിന് പിന്നാലെ നാവികസേനാ അധികൃതരിൽനിന്ന് അറസ്റ്റ് ചെയ്യുന്നതിനുള്ള അനുമതി തേടി. തുടർന്ന് ശനിയാഴ്ച രാവിലെ ഐഎൻഎസ് അഗ്രണിയിലെത്തിയ പ്രത്യേക കൗണ്ടർ ഇന്റലിജൻസ് സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അറസ്റ്റ് സംബന്ധിച്ച വിവരം കോയമ്പത്തൂരിലെ പ്രാദേശിക പൊലീസിനെയും അന്വേഷണസംഘം അറിയിച്ചു. തുടർന്ന് പ്രാദേശിക മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് നേടിയശേഷം, കൂടുതൽ ചോദ്യം ചെയ്യലിനായി ശനിയാഴ്ച വൈകീട്ടോടെ പ്രദീപിനെ വിജയവാഡയിലെ കൗണ്ടർ ഇന്റലിജൻസ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി.
പ്രദീപ് ചോർത്തിയതായി ആരോപിക്കുന്ന പ്രതിരോധ വിവരങ്ങളുടെ വ്യാപ്തിയും സ്വഭാവവും കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഹവാല വഴിയോ ഡിജിറ്റൽ പേയ്‌മെന്റ് മാർഗങ്ങളിലൂടെയോ ഇയാൾക്ക് പണം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.




