ഡിസംബറിലെ പാലാ ജൂബിലി തിരുനാൾ ‘ഒറ്റക്കൊമ്പൻ’ സിനിമയ്ക്കു വേണ്ടി നാളെ മുതൽ പുനരാവിഷ്കരിക്കുന്നു. ജൂലൈ 5 വരെ സന്ധ്യയ്ക്ക് 7 മുതൽ വെളുപ്പിനു 5 വരെയാണ് ഷൂട്ടിങ്. തിരുനാളിന്റെ പ്രധാന ആകർഷണമായ ടൗൺ കപ്പേളയ്ക്കു മുൻപിലെ പന്തലും കുരിശുപള്ളി ദീപാലങ്കാരവും പട്ടണ പ്രദക്ഷിണവുമെല്ലാം അതുപോലെ ഒരുക്കുന്നുണ്ട്.
കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനാകുന്ന ‘ഒറ്റക്കൊമ്പൻ’ ചങ്ങനാശേരി സ്വദേശി മാത്യൂസ് തോമസാണു സംവിധാനം ചെയ്യുന്നത്. കഥയും തിരക്കഥയും ഭരണങ്ങാനം സ്വദേശി ഷിബിൻ ഫ്രാൻസിസിന്റേതാണ്. ഇന്ദ്രജിത്ത്, ലാൽ, ജോണി ആന്റണി, ലാലു അലക്സ് തുടങ്ങിയവരു൦ ചിത്രത്തിലെത്തുന്നുണ്ട്. ടൗൺ കപ്പേളയ്ക്കു മുന്നിൽ നടക്കുന്ന ഷൂട്ടിങ്ങിൽ സുരേഷ് ഗോപിയുമുണ്ട്. പാലാക്കാർ അടക്കം മൂവായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുമാരു൦ ചിത്രത്തിലുണ്ടാകും.
ടൗൺ കപ്പേളയ്ക്കു മുന്നിലെ റോഡിൽ വലിയ പന്തൽ ഇട്ടു. ജൂബിലിയുടെ ഭാഗമായ ആകാശത്തൊട്ടിലും മരണക്കിണറും നാടകമേളയും ടൂവീലർ ഫാൻസിഡ്രസും ടാബ്ലോയുമെല്ലാം സിനിമയ്ക്കായി ഒരുക്കുന്നു. വാദ്യോപകരണങ്ങളുടെയും ജപമാലയുടെയും അകമ്പടിയോടെയുള്ള രാത്രി പ്രദക്ഷിണം ചിത്രീകരിക്കുന്നുണ്ട്. പാലാ കത്തീഡ്രലിലും പാലാ ടൗണിലും ചേർപ്പുങ്കൽ പള്ളി മൈതാനത്തും ഷൂട്ടിങ്ങുണ്ട്. ജൂബിലി തിരുനാളിലെ പാലാക്കാരുടെ വീടുകളിലെ ആഘോഷവും മറ്റും തിരുവനന്തപുരത്ത് സെറ്റ് ഇട്ടാണ് ഷൂട്ട് ചെയ്തത്.
കുരിശുപള്ളിയിലെ മാതാവിന്റെ അടുത്തെത്തി തിരി കത്തിച്ചു പ്രാർഥിച്ച് ദിനചര്യ ആരംഭിക്കുന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ഈ ചിത്രത്തിൽ വേഷമിടുന്നത്. വിശ്വാസങ്ങൾക്കോ ആചാരാനുഷ്ഠാനങ്ങൾക്കോ ഭംഗം വരുത്താതെയുള്ള പാലാക്കഥയാണ് ഒറ്റക്കൊമ്പൻ സിനിമയുടേതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
പൃഥിരാജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കടുവ’ സിനിമയിലും പാലായും ജൂബിലിയും പ്രധാന സംഭവങ്ങളായി വന്നിരുന്നു. ‘പാലാപ്പള്ളി തിരുപ്പള്ളി’ എന്ന ഗാനം ഹിറ്റായി. ഇതിൽ ജൂബിലി ആഘോഷം കോട്ടയത്ത് സെറ്റ് ഇട്ടാണ് ചിത്രീകരിച്ചത്.






