ചെന്നൈ: ഉല്‍പാദനവും വില്‍പനയും അവസാനിപ്പിച്ച് ഇന്ത്യയില്‍ നിന്ന് മടങ്ങിയ ഫോഡ് തിരിച്ചുവരവിനൊരുങ്ങുന്നു. ചെന്നൈയിലെ പ്ലാന്റ് വീണ്ടും ഉപയോഗിക്കാനാണ് കമ്പനിയുടെ പദ്ധതി.
പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിന്റെ പദ്ധതികളിലേക്ക് കമ്പനി കടന്നതായാണ് വിവരം. 2029 ല്‍ പ്ലാന്റ് പൂര്‍ണ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
2024 സെപ്റ്റംബറിലെ ഒരു ലെറ്റര്‍ ഓഫ് ഇന്റന്റിന്റെ അടിസ്ഥാനത്തില്‍ കമ്പനി തമിഴ്നാട് സര്‍ക്കാരുമായി ഒരു ധാരണാപത്രത്തില്‍ ഒപ്പുവച്ചിരുന്നു. 600-ലധികം നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഈ പദ്ധതിയില്‍ ഫോര്‍ഡ് 3,250 കോടി രൂപയുടെ പ്രാരംഭ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നത്.
സൈറ്റ് തയ്യാറാക്കലും നിക്ഷേപ പ്രവര്‍ത്തനങ്ങളും ഈ വര്‍ഷം അവസാനത്തോടെ ചെന്നൈ പ്ലാന്റില്‍ ആരംഭിക്കും.പുതിയ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്ന എഞ്ചിനുകള്‍ പ്ലാന്റില്‍ നിര്‍മ്മിക്കും.
തമിഴ്നാട് വ്യവസായ മന്ത്രി ഡോ. ടി.ആര്‍.ബി രാജ ഫോര്‍ഡിന്റെ മടങ്ങിവരവ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. ഫോര്‍ഡിന്റെ തീരുമാനം സംസ്ഥാനത്തിന്റെ ശക്തമായ നിര്‍മ്മാണ വ്യവസ്ഥയെയും വൈദഗ്ധ്യമുള്ള തൊഴില്‍ ശക്തിയെയും പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മറൈമലൈനഗറില്‍ 350 ഏക്കറിലെ പ്ലാന്റാണ് ഫോഡിനുള്ളത്. ഇന്ത്യയില്‍ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് സര്‍വീസ് സപ്പോര്‍ട്ട്, ആഫ്റ്റര്‍ മാര്‍ക്കറ്റ് പാര്‍ട്സ്, വാറന്റി സേവനങ്ങള്‍ എന്നിവ കമ്പനി നല്‍കുന്നത് തുടരുന്നുണ്ട്.
തമിഴ്നാട്ടില്‍ സ്ഥിതി ചെയ്യുന്ന ഗ്ലോബല്‍ ബിസിനസ് ഓപ്പറേഷന്‍സില്‍ ഫോര്‍ഡിന് 12,000 തൊഴിലാളികളോളമുണ്ട്. നഷ്ടം കുമിഞ്ഞുകൂടിയതും വളര്‍ച്ചയുടെ അഭാവവും മൂലവുമാണ് 2021-ല്‍ ഫോഡ് ഇന്ത്യ വിട്ടത്. സമ്പൂര്‍ണ ഇറക്കുമതിയായി ചില കാറുകള്‍ പുറത്തിറക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കള്‍ ഇന്ത്യ വിട്ടത്.










